കോഴിക്കോട്: രാജ്യസഭയിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രശംസിച്ചതിൽ ന്യായീകരണവുമായി പി.വി. അബ്ദുൾ വഹാബ് എം.പി. തമാശ രൂപത്തിൽ പരാമർശിച്ചതിനേയാണ് പലരും പ്രശംസയായി വ്യാഖ്യാനിച്ചതെന്നും അബ്ദുൾ വഹാബ് ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ തെറ്റുപറ്റി എന്ന് വഹാബ് ഏറ്റുപറഞ്ഞുവെന്ന പി.എം.എ. സലാമിന്റെ വിശദീകരണത്തിന് വിരുദ്ധമാണ് വഹാബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ചുകൊണ്ട് രാജ്യസഭയിൽ ഞാൻ നടത്തിയ പ്രസംഗത്തിനിടെ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചുവെന്ന രീതിയിൽ ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തിയത് ദൗർഭാഗ്യകരമാണ്. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി നടപ്പാക്കിയത് വിവേചനപരമായിട്ടായിരുന്നു. കായിക താരങ്ങൾ ഏറെയുള്ള കേരളത്തിന് തുച്ഛമായ തുകയാണ് അനുവദിച്ചത്. കേരളത്തിന് കൊടുത്തതിന്റെ പത്തിരട്ടി ഗുജറാത്തിന് അനുവദിച്ചു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് ഞാൻ പ്രസംഗം തുടങ്ങിയത്. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ഒഴിവാക്കുന്ന, വിദ്യാഭ്യാസ മേഖലയെ ഗൗനിക്കാത്ത കേന്ദ്ര സർക്കാർ നയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു.
കേരള സർക്കാരിനെ പരസ്യമായി വിമർശിക്കുമ്പോൾ തന്നെ ഡൽഹിയിൽ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി. മുരളീധരൻ എന്ന് തമാശ രൂപത്തിൽ പരാമർശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചത്. സൻസദ് ആദർശ് ഗ്രാമയോജന ഉൾപ്പെടെയുള്ള ഒട്ടേറെ കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കുന്നതിന് ഞാൻ എപ്പോഴും ശ്രമം നടത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങൾക്ക് അതിന്റെ നേട്ടം ലഭിക്കുകയും ചെയ്തു. നൈപുണ്യ വികസന മേഖലയിൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ബജറ്റ് വിഹിതം കൂട്ടണമെന്നും ഈ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രി രാജീവ് ചന്ദ്രശേഖരനെ പരാമർശിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കണ്ട് ഫണ്ട് വാങ്ങുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടു.
സദുദ്ദേശ്യത്തോടെയുള്ള എന്റെ സംസാരത്തെ പലരും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ എന്റെ നേതാവ് ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വസ്തുത അന്വേഷിച്ചു. കാര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്.
Content Highlights: ap abdul wahab mp facebook post about controversial statement
Published: 22 Dec 2022, 05:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented