പുറത്തൂർ: പേരക്കുട്ടിയുടെ മരണവാർത്ത അറിഞ്ഞതിന് തൊട്ടുപിന്നാലെ ഹൃദയാഘാതം മൂലം വയോധികൻ മരിച്ചു. പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാന്റെ (10) മരണവാർത്തയറിഞ്ഞ ആഘാതത്തിലാണ് അൻവറിന്റെ പിതാവ് ഹനീഫ (84) ഹൃദയാഘാതം മൂലം മരിച്ചത്.

To advertise here,

പേരക്കുട്ടിയുടെ വിയോഗം അറിഞ്ഞതിനുപിന്നാലെ ഹനീഫ തളർന്നുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ എൻ.ഒ.സി. പടി പള്ളിക്ക് സമീപമുണ്ടായ അപകടത്തിലാണ് മുഹമ്മദ് റിഹാൻ മരിച്ചത്. സൈക്കിളിൽ പോകുകയായിരുന്ന റിഹാനെ പുറത്തൂരിൽനിന്ന് തിരൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി.

ഖത്തറിലായിരുന്ന റിഹാന്റെ പിതാവ് അൻവർ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആബിദയാണ് റിഹാന്റെ മാതാവ്. ഹിബ, ഇഷ്‌വ എന്നിവർ സഹോദരങ്ങളാണ്. തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച പെരുന്തിരുത്തി പഴയ ജുമാ മസ്‌ജിദ് കബറിസ്താനിൽ മൃതദേഹങ്ങൾ കബറടക്കും.