എഴുകോൺ (കൊല്ലം): എത്ര തിരക്കാണെങ്കിലും അവൻ ഫോൺ വിളിക്കും. വിളിക്കാത്ത ഒരു ദിവസവും ഇല്ല. ചൊവ്വാഴ്ച രാത്രിയിലും വിളിച്ചു... ഗിരീഷിന്റെ അമ്മ ശാന്തയുടെ വാക്കുകൾ മുറിഞ്ഞു. എപ്പോൾ വിളിച്ചാലും എന്റെ ക്ഷേമാന്വേഷണമാണ്‌. ചൊവ്വാഴ്ച രാത്രി 8.30-നാണ് അവസാനമായി വിളിച്ചത്. കുറച്ചുനേരം സംസാരിച്ചു. എട്ടുമണിയോടെയാണ് റൂമിൽ വന്നതെന്നും ക്ഷീണമുണ്ടെന്നും പറഞ്ഞു. രാവിലെ ആറിന് പുണെയ്ക്ക്‌ പോകുമെന്നും പറഞ്ഞു. കുഴിമതിക്കാട്ടെ വീട്ടിൽ പെയിന്റിങ് ജോലികൾ നടക്കുന്നതിനാൽ അമ്മ എപ്പോഴും മാസ്ക് ധരിക്കണമെന്നും ഓർമ്മിപ്പിച്ചു.

To advertise here,

ഗിരീഷിന്റെ അച്ഛൻ ഭാസ്കരപിള്ളയ്ക്ക് കൊൽക്കത്തയിൽ ബിസിനസ് ആയിരുന്നു. ഗിരീഷ് പഠിച്ചതും വളർന്നതും കൊൽക്കത്തയിലാണ്. കൊൽക്കത്ത സെയ്‌ന്റ് മേരീസ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. സിറ്റി കോളേജിൽനിന്ന്‌ ബിരുദം നേടിയശേഷം വ്യോമസേനയിൽ ജോലി ലഭിച്ചു.

2019-ലായിരുന്നു ഭാര്യ ഡോ. മഞ്ജുപ്പിള്ളയുടെ മരണം. കഴിഞ്ഞ മേയിൽ വീട്ടിൽ വന്നിരുന്നു. ബന്ധുവിന്റെ വിവാഹച്ചടങ്ങിലും പങ്കെടുത്ത് മേയ് മുപ്പതിനാണ് അമ്മയേയുംകൂട്ടി ഹൈദരാബാദിലേക്കു യാത്രയായത്. മക്കൾ അവധിക്കു വരുമ്പോഴെല്ലാം അമ്മയെ ഹൈദരാബാദിൽ കൊണ്ടുപോകും. ഡിസംബറിൽ മക്കൾ അവധിക്കു നാട്ടിലെത്തുമെന്നും അവരോടൊപ്പം ഹൈദരാബാദിൽ എത്തണമെന്നും ഗിരീഷ് പറഞ്ഞിരുന്നു. അങ്ങനെ കൊച്ചുമക്കളോടൊപ്പം ഹൈദരാബാദിലേക്കു പോകാൻ തയ്യാറെടുത്തിരിക്കുമ്പോഴാണ് ഇത്തരമൊരു ദുരന്തവാർത്ത എത്തുന്നത്.

പുണെയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്നുപേർ മരിച്ചു

പുണെ/കൊല്ലം:പുണെയിൽ ഹെലികോപ്റ്റർ തകർന്ന് കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് ബി. പിള്ള (53) അടക്കം രണ്ടു പൈലറ്റുമാരും എൻജിനിയറും മരിച്ചു. ബുധനാഴ്ച രാവിലെ 6.45-ഓടെ മുംബൈയിലേക്കുള്ള യാത്രാമധ്യേ ബവ്‌ധാൻ പർവതമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നത്. ഓക്സ്‌ഫഡ് ഗോൾഫ് കോഴ്‌സ് റിസോർട്ടിലെ ഹെലിപ്പാഡിൽനിന്ന് പുറപ്പെട്ടതായിരുന്നു. പൈലറ്റ് പരംജിത് സിങ്, എൻജിനിയർ പ്രീതം ഭരദ്വാജ് എന്നിവരാണ് മരിച്ച മറ്റുരണ്ടുപേർ.

ഹെറിറ്റേജ് ഏവിയേഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റർ. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൂടൽമഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. എൻ.സി.പി. അജിത് പവാർ വിഭാഗം പ്രസിഡന്റ് സുനിൽ തത്കരെയെ മുംബൈയിൽനിന്ന് റായ്ഗഢിലെ സുതർവാഡിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകാനാണ് ഹെലികോപ്റ്റർ മുംബൈയിലേക്ക് പോയിരുന്നത്.

കുഴിമതിക്കാട് വിളയിൽവീട്ടിൽ ഗിരീഷ് ബി. പിള്ള വ്യോമസേനയിൽ വിങ് കമാൻഡറായി വിരമിച്ചശേഷം ഡൽഹി ആസ്ഥാനമായുള്ള ഹെറിറ്റേജ് ഏവിയേഷൻ സ്ഥാപനത്തിൽ പൈലറ്റായി ജോലിചെയ്യുകയായിരുന്നു. ഭാര്യ: പരേതയായ ഡോ. മഞ്ജു പിള്ള. മക്കൾ: രേവതി പിള്ള (ചണ്ഡീഗഢിൽ ആനിമേഷൻ വിദ്യാർഥിനി), രാഹുൽ പിള്ള (ചെന്നൈയിൽ എൻജിനിയിറിങ് വിദ്യാർഥി). അച്ഛൻ: പരേതനായ ഭാസ്കരൻ പിള്ള. അമ്മ: ശാന്ത ബി. പിള്ള.

കൊടിക്കുന്നിൽ സുരേഷ് അനുശോചിച്ചു

എഴുകോൺ: പുണെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗിരീഷ് ബി.പിള്ളയുടെ കുടുംബാംഗങ്ങളെ കൊടിക്കുന്നിൽ സുരേഷ് എം.പി. ഫോണിൽ വിളിച്ച്‌ അനുശോചനം അറിയിച്ചു. മൃതദേഹപരിശോധന നടപടികൾ വേഗത്തിലാക്കാൻ മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും എം.പി. അറിയിച്ചു.