തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ വൈദിക സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ സിഎസ്‌ഐ സഭയ്‌ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസെടുത്തു. മൂന്നാര്‍ സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്ത ദക്ഷിണ കേരള മഹായിടവക വൈദികരും മഹായിടവക ബിഷപ് എ. ധര്‍മരാജ് റസാലവും കേസില്‍ പ്രതികളാകും. 

To advertise here,

സഭാ അധികൃതരുടെ നടപടിക്കെതിരേ, സി.എസ്.ഐ. സഭാംഗവും നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാപ്രസിഡന്റുമായ വി.ബി. നിഷാന്ത് അടക്കമുള്ള മൂന്നുപേരാണ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ഏപ്രില്‍ 13 മുതല്‍ 17 വരെ പഴയമൂന്നാര്‍ സി.എസ്.ഐ. ദേവാലയത്തിലാണ് വാര്‍ഷിക ധ്യാനം നടന്നത്. ഇതില്‍ 480 വൈദികരാണ് പങ്കെടുത്തത്. ഇതില്‍ എണ്‍പത് പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതില്‍ രണ്ട് വൈദികര്‍ മരിക്കുകയും ചെയ്തു. തിരുവനന്തപുരം വട്ടപ്പാറ കഴുനാട് ദേവാലയവികാരി റവ. ബിജുമോന്‍ (52), തിരുമല പുന്നക്കാമുകള്‍ വികാരി റവ. ഷൈന്‍ ബി. രാജ് (43) എന്നിവരാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും മൂന്നാര്‍ വില്ലേജ് ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് ദേവികുളം സബ് കളക്ടര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത വൈദികര്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും ഉള്‍പ്പെടെ സാധാരണ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പോലും സ്വീകരിച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.

Content Highlights: priest meeting in violation of covid 19 norms- Case against CSI Church