രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തിന്റെ യാത്രാ ഷെഡ്യൂള്‍ പുറത്ത്. യാത്രാപ്ലാന്‍ രാഷ്ട്രപതി ഭവന് പ്രോട്ടോക്കോള്‍ വിഭാഗത്തിന് കൈമാറി

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തിന്റെ യാത്രാ പരിപാടിയുടെ വിശദാംശങ്ങള്‍ രാഷ്ട്രപതി ഭവന് പ്രോട്ടോക്കോള്‍ വിഭാഗത്തിനു കൈമാറി. ഈ മാസം 21-ന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി, വൈകീട്ട് രാജ്ഭവനില്‍ വിശ്രമിക്കും. 22-ന് രാവിലെ ഒന്‍പത് മണിയോടെ പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്തെത്തുന്ന വിധത്തിലാണ് ഷെഡ്യൂള്‍ തയാറാക്കിയിരിക്കുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ ജീപ്പിലായിരിക്കും യാത്ര. ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദര്‍ശനം നടത്തുന്നത്.
21-ന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി, വൈകീട്ട് രാജ്ഭവനില്‍ വിശ്രമിക്കും. പിറ്റേന്ന് രാവിലെ ഒന്‍പത് മണിയോടെ തിരുവനന്തപുരത്തുനിന്ന് ഹെലിക്കോപ്റ്ററില്‍ നിലയ്ക്കലിലെത്തും. അവിടെനിന്ന് കാര്‍ മാര്‍ഗം പമ്പയിലെത്തിയ ശേഷം മരാമത്ത് കോംപ്ലക്സില്‍ അല്പസമയം വിശ്രമം. തുടര്‍ന്ന് പമ്പാ സ്നാനം നടത്തുന്നതിനുള്ള ആലോചനയും ഷെഡ്യൂളിലുണ്ട്. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള അറിയിപ്പ്, പ്രോട്ടോക്കോള്‍ വിഭാഗത്തിനും പോലീസ് സുരക്ഷാ വിഭാഗത്തിനും ലഭിച്ചു. ഇതുപ്രകാരമാണ് പമ്പാ സ്നാനത്തിനുള്ള ഒരു സാധ്യത കുറിച്ചിട്ടത്. രാഷ്ട്രപതി മലകയറുന്നതിന് മുന്‍പ് പമ്പയില്‍നിന്ന് ഇരുമുടിക്കെട്ട് നിറയ്ക്കും. തുടര്‍ന്ന് രാവിലെ 11.15-ഓടെ സന്നിധാനത്തേക്ക്. ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ ജീപ്പിലായിരിക്കും യാത്ര.
ബ്ലൂബുക്ക് പ്രകാരമുള്ള സുരക്ഷ ബാധകമായതിനാല്‍ കനത്ത സുരക്ഷയൊരുക്കും. ഗൂര്‍ഖ എങ്ങനെയായിരിക്കണം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോവേണ്ടത് എന്നത് സംബന്ധിച്ച റിഹേഴ്സല്‍ ചെയ്യുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുമതിക്ക് ശേഷം റിഹേഴ്സല്‍ നടക്കും. രാഷ്ട്രപതിയുടെ വാഹനത്തില്‍ അഞ്ചുപേരുണ്ടാകും. മറ്റു അകമ്പടി ജീപ്പുകള്‍, മെഡിക്കല്‍ സംഘം, സുരക്ഷാ സംഘം എന്നിവരുമുണ്ടാകും. ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്തെത്തി ദര്‍ശനം നടത്തും. പിന്നീട് ദേവസ്വം ഗസ്റ്റ് ഹൗസിലെത്തും. തുടര്‍ന്ന് ഇതേ ജീപ്പില്‍ത്തന്നെ മടങ്ങി മൂന്നേകാലോടെ താഴെ പമ്പയിലെത്തും. പിന്നീട് നിലയ്ക്കലിലേക്കും അവിടെനിന്ന് ഹെലിക്കോപ്റ്ററില്‍ തിരികെ തിരുവനന്തപുരത്തേക്കുമെത്തും. ദര്‍ശനം കണക്കിലെടുത്ത് 21, 22 തീയതികളില്‍ ദേവസ്വം ബോര്‍ഡ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സ്ലോട്ട് ഓപ്പണ്‍ ചെയ്തിട്ടില്ല. അതിനാല്‍ ഭക്തര്‍ക്ക് ഈ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഉണ്ടായിരിക്കില്ല.
Content Highlights: President Murmu's Historic Sabarimala Visit: Detailed Itinerary Revealed
Published: 14 Oct 2025, 06:07 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented