തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന് സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രേംകുമാറുമായി സംസാരിച്ചു. കോൺഗ്രസിലേക്ക് എത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് വേണുഗോപാൽ പറഞ്ഞുവെന്നും ഇതിനോട് പ്രേംകുമാർ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സൂചന. പ്രേംകുമാറുമായി സംസാരിച്ചുവെന്നത് കെ.സി വേണുഗോപാൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ ഇക്കഴിഞ്ഞദിവസങ്ങളിൽ പ്രേംകുമാർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. 

To advertise here,

തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻസ്ഥാനത്തുനിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടിയാണെന്ന് വിശ്വസിക്കരുതെന്നും അത് സ്വാഭാവിക നടപടിയല്ലെന്നും പ്രേംകുമാർ ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കുന്നതിന് അഞ്ചാറുമാസം മുൻപ് കൊച്ചിയിൽവെച്ച് ഒരു അന്താരാഷ്ട്ര സാംസ്‌കാരിക സംഗമം നടന്നിരുന്നു. അതിന്റെ ആലോചനായോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പങ്കെടുത്തിരുന്നു. സംസ്‌കാരികമന്ത്രിയുടെയും അക്കാദമിയുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയുമൊക്കെ പ്രധാനപ്പെട്ട ആൾക്കാരുമൊക്കെ പങ്കെടുത്ത ഒരു അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു അത്. ഇത്രയും വലിയൊരു സാംസ്‌കാരികസംഗമം നമ്മൾ നടത്തുമ്പോൾ പാവപ്പെട്ട കുറച്ച് സ്ത്രീകൾ സെക്രട്ടേറിയറ്റിന്റെ നടയിൽ സമരം നടത്തുകയാണ്. അവരുടെ പ്രശ്‌നം പരിഹരിക്കാൻ അങ്ങ് ഇടപെടണം അല്ലെങ്കിൽ അത് സർക്കാരിന് വലിയ ദോഷം ചെയ്യുമെന്ന് പറഞ്ഞു. പോസിറ്റീവായാണ് അക്കാര്യം പറഞ്ഞത്. അല്ലാതെ വിമർശനമായിരുന്നില്ല. ആ സമയത്ത് വളരെ പോസിറ്റീവായി കണ്ടാണ് അവർ കണ്ടതും പ്രതികരിച്ചതും, പ്രേംകുമാർ പറഞ്ഞു.

താനൊരിക്കലും ആശാസമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഏതെങ്കിലും പൊതുവേദിയിൽ പോയി പ്രസംഗിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അവിടെനിന്ന് തന്റെ സഹപ്രവർത്തകരിലാരോ ആ വിവരം മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു. പിറ്റേന്ന് ആശാ സമരം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാർ ധാർമികരോഷം പ്രകടിപ്പിച്ചു എന്ന തരത്തിൽ വാർത്തവന്നു.

ധാർമികരോഷമുണ്ട്. മനുഷ്യപക്ഷത്തുനിൽക്കുന്ന കലാപ്രവർത്തകനാണ് താൻ. രാഷ്ട്രീയക്കാരനൊന്നുമല്ല. കലാരംഗത്ത് പ്രവർത്തിക്കുന്ന തന്റെ പ്രതിബദ്ധത മനുഷ്യരോടാണ്. അതുകൊണ്ടാണ് ഒരു പരസ്യചിത്രത്തിൽ പോലും ഞാൻ അഭിനയിക്കാത്തത്. ടെലിവിഷൻ മേഖലയിൽ ഉള്ളടക്കത്തിന്റെ കാര്യത്തിൽ വലിയ അപചയം നടക്കുന്നു അത് എൻഡോസൾഫാനെപ്പോലെ അപകടകരമാണെന്ന് പരസ്യമായി വിളിച്ചുപറഞ്ഞയാളാണ് താൻ. അത് സമൂഹത്തോട് പ്രതിബദ്ധതയുള്ളതുകൊണ്ടാണ്. ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ആശാസമരമെന്നല്ല ഒരു സമരവും സെക്രട്ടേറിയറ്റിന് മുൻപിൽ നടക്കാൻ പാടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താൻ, പ്രേംകുമാർ പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിൽ സമരങ്ങളുണ്ടാകാം. അങ്ങനെയുണ്ടായാൽ അടിയന്തരപ്രാധാന്യം നൽകി അതിൽ ഇടപെട്ട് പരിഹരിക്കാനുള്ള ആർജവം കാണിക്കണം. അല്ലാതെ അനിശ്ചിതകാലത്തേക്ക് ഇങ്ങനെ കുറേ പാവപ്പെട്ട സ്ത്രീകൾ, അവരുടെ രാഷ്ട്രീയം എന്തുമായിക്കോട്ടെ. മറ്റു പലരും അവരെ രാഷ്ട്രീയമായി ഉപയോഗിച്ചിട്ടുണ്ടാകും. അത് മറ്റൊരു കാര്യം. അത് പൊതുസമൂഹത്തെ കൃത്യമായി ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ?. എന്നിരിക്കെ, പൊതുസമൂഹത്തിൽ മൊത്തമായി ഒരു വികാരമുണ്ട് അത് ദോഷമാണ് എന്ന് പോസിറ്റീവായി പറഞ്ഞ കാര്യംമാത്രമാണ് തന്റെ പുറത്താക്കൽ നടപടിയിൽ ഇവർക്ക് പറയാനുള്ളത്. അല്ലാതെ അത് സ്വാഭാവിക നടപടിയെന്ന് നിങ്ങൾ വിശ്വസിക്കരുത്. അത് സ്വാഭാവിക നടപടിയല്ല, പ്രേംകുമാർ മാധ്യമങ്ങളോടു പറഞ്ഞു.