കണ്ണൂര്‍: എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ പി.പി. ദിവ്യ ജാമ്യഹര്‍ജി നല്‍കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കുന്ന മുറയ്ക്ക് കോടതി ഇനി പോലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടും. ജാമ്യത്തെ എതിര്‍ത്ത് കക്ഷിചേരുമെന്ന് നവീന്‍ബാബുവിന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്. 

To advertise here,

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചതില്‍നിന്ന് കൂടുതല്‍ വാദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പി.പി. ദിവ്യ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. പോലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രധാനമായും ഉന്നയിക്കുകയെന്ന് പ്രതിഭാഗം അഭിഭാഷകനും നേരത്തെ വ്യക്തമാക്കിയിരുന്നു.

പോലീസ് അന്വേഷണത്തില്‍ കൃത്യതയും വ്യക്തതയും ഇല്ല. തെറ്റുപറ്റിയെന്ന് നവീന്‍ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി പോലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങളോ ഇത് എന്തിനെക്കുറിച്ചാണെന്നോ പോലീസ് അന്വേഷിച്ചില്ല. സംഭവത്തില്‍ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മൊഴിയെടുക്കണം. പരാതിക്കാരനായ പ്രശാന്തന്‍ വിജിലന്‍സ് ഡിവൈ.എസ്.പി.ക്ക് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍, പോലീസ് റിപ്പോര്‍ട്ടില്‍ അതിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയില്ല. പ്രശാന്ത് എന്തിനാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും പ്രതിഭാഗം വാദിക്കുന്നു. 

എ.ഡി.എം. നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ കഴിഞ്ഞദിവസമാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ദിവ്യ പോലീസിന്റെ കസ്റ്റഡിയിലായത്. തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തതോടെ ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി.