പത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനമേര്‍പ്പെടുത്തിയതില്‍ സംസ്ഥാനത്തെ പ്രമുഖ മുന്നണികളിലും പാര്‍ട്ടികളിലും ഉയരുന്ന ഭിന്ന സ്വരങ്ങളും അവ്യക്തതയും മുതലാക്കാന്‍ ബി.ജെ.പി. നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അമിതാവേശം കാട്ടിയുള്ള പ്രചാരണത്തിന് പാര്‍ട്ടിയില്ല.

To advertise here,

സംഭവത്തെ ഒരു രാഷ്ടീയ വിഷയമാക്കി മാറ്റേണ്ടതില്ലെന്നും ദേശീയ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടി എന്ന നിലയില്‍ അവതരിപ്പിച്ചാല്‍ മതിയെന്നുമാണ് താഴെതട്ടിലേക്കുള്ള നിര്‍ദേശം. അതേസമയം ഇക്കാര്യത്തില്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലും ഇരു മുന്നണികളിലെയും പ്രമുഖ പാര്‍ട്ടികളിലും ഉയരുന്ന ഭിന്ന സ്വരങ്ങളും അവ്യക്തതയും പരമാവധി പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിക്കും.

വിഷയത്തില്‍ കോണ്‍ഗ്രസ്  ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് നിരോധനത്തെ പിന്തുണയ്ക്കുന്ന വിഭാഗങ്ങളില്‍ അതൃപ്തി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നിരോധനംകൊണ്ട് പ്രയോജനമില്ല, പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ആര്‍.എസ്.എസിനെയും നിരോധിക്കണം തുടങ്ങിയ അഭിപ്രായങ്ങള്‍ പ്രീണന സമീപനത്തിന്റെ ഭാഗമായി ചിത്രീകരിക്കാനായിരിക്കും ബി.ജെ.പി. ശ്രമം. യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിലെ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും ബി.ജെ.പി. ആയുധമാക്കും.

പോപ്പുലര്‍ ഫ്രണ്ട് നിരോധനം നടപ്പാക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്ന പ്രാധാന്യവും ജാഗ്രതയും സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നില്ലെന്ന വിമര്‍ശനവും തദ്ദേശസ്ഥാപനങ്ങളിലെ എസ്.ഡി.പി.െഎ. സഹകരണവും ഉയര്‍ത്തി എല്‍.ഡി.എഫിനെ ആക്രമിക്കുക എന്ന തന്ത്രമായിരിക്കും ബി.ജെ.പി. പയറ്റുക. നിരോധനം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പ്രതിഫലനമാണെന്ന സന്ദേശം പരാമാവധി തങ്ങളെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളില്‍ എത്തിക്കാനാണ് ബി.ജെ.പി. ഒരുങ്ങുന്നത്.