പൊന്നാനി: മണ്ഡലത്തിൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത് 1957-ലാണ്. കോൺഗ്രസിലെ കെ. കുഞ്ഞമ്പുവാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. അതേവർഷംതന്നെ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ.യുടെ എലിയത്ത് തറയിൽ കുഞ്ഞൻ മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ മണ്ഡലം മുസ്‌ലിം ലീഗിനും കോൺഗ്രസിനുമൊപ്പം നിന്നു. 1980-ൽ കെ. ശ്രീധരനിലൂടെ സി.പി.എം. മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും 1982-ൽ എം.പി. ഗംഗാധരനും 1987-ൽ പി.ടി. മോഹനകൃഷ്ണനും വിജയിച്ചതോടെ മണ്ഡലത്തിന്റെ ഭരണചക്രം വീണ്ടും യു.ഡി.എഫിന്റെ കൈകളിലെത്തി. 1991-ൽ ഇ.കെ. ഇമ്പിച്ചിബാവയിലൂടെ സി.പി.എം. വീണ്ടും മണ്ഡലം പിടിച്ചെടുക്കുകയും 1996-ൽ പാലോളി മുഹമ്മദ്കുട്ടിയിലൂടെ മണ്ഡലം നിലനിർത്തുകയും ചെയ്തു. രണ്ടുതവണയും കോൺഗ്രസിലെ പി.ടി. മോഹനകൃഷ്ണനാണ് പരാജയപ്പെട്ടത്.
പത്തുവർഷത്തെ ഇടതുതേരോട്ടത്തിന് 2001-ൽ കോൺഗ്രസിലെ എം.പി. ഗംഗാധരൻ തടയിട്ടു. സി.പി.എമ്മിലെ ടി.കെ. ഹംസയെയാണ് എം.പി. ഗംഗാധാരൻ പരാജയപ്പെടുത്തിയത്. 2006-ൽ എം.പി. ഗംഗാധരനെ തോല്പിച്ച് പാലോളി മുഹമ്മദ്കുട്ടിയെ തിരഞ്ഞെടുത്ത മണ്ഡലം പിന്നീടിതുവരെ ഇടതിനെ കൈവിട്ടില്ല. തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിൽ 2011-ലും 2016-ലും പി. ശ്രീരാമകൃഷ്ണനും 2021-ൽ പി. നന്ദകുമാറും പൊന്നാനിയിൽനിന്ന് നിയമസഭയിലെത്തി. 15 വർഷമായി ഇളക്കംതട്ടാതെ നിൽക്കുന്ന ഇടതിന്റെ പൊന്നാപുരം കോട്ട കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തകർക്കാനാകുമെന്നായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. രണ്ടുതവണ വിജയിച്ച പി. ശ്രീരാമകൃഷ്ണനെ മാറ്റി പുതിയൊരാളെ സ്ഥാനാർഥിയാക്കാനുള്ള സി.പി.എം. തീരുമാനത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണ് പൊന്നാനിയിലുണ്ടായത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പരസ്യമായി രംഗത്തിറങ്ങി. സ്ത്രീകൾ ഉൾപ്പെടെ അണിനിരന്ന വലിയ പ്രകടനത്തിനാണ് പൊന്നാനിയുടെ വീഥികൾ സാക്ഷിയായത്.
എന്നാൽ, പി. നന്ദകുമാറെന്ന സി.ഐ.ടി.യു. നേതാവിനെയാണ് സി.പി.എം. കളത്തിലിറക്കിയത്. സി.പി.എമ്മിനകത്തെ പൊട്ടിത്തെറി ഗുണമാകുമെന്ന് യു.ഡി.എഫ്. ധരിച്ചെങ്കിലും 17,043 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പി. നന്ദകുമാറിനെ വിജയിപ്പിച്ച് സി.പി.എം. ഇടതുകോട്ട ഇളകാതെ കാത്തു.
ഇത്തവണ ആരൊക്കെ?
ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായി പരിഗണിക്കപ്പെടുന്ന പൊന്നാനിയിൽ മുൻ പി.എസ്.സി. ചെയർമാനും വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീറിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചിലപ്പോൾ പി. നന്ദകുമാറിന് ഒരു അവസരംകൂടി നൽകിയേക്കാം. പ്രാദേശിക സി.പി.എം. നേതാവ് ടി.എം. സിദ്ദീഖിനെയോ അഡ്വ. പി.കെ. ഖലീമുദീനെയോ പരിഗണിക്കണമെന്ന അഭിപ്രായവുമുണ്ട്. യു.ഡി.എഫ്. സ്ഥാനാർഥിയായി കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. നൗഷാദലി വരുമെന്ന് ഏറേക്കുറേ ഉറപ്പായി. ഏതാനും വർഷങ്ങളായി പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ എല്ലാമേഖലകളിലും സജീവമാണ്.
എൻ.ഡി.എ. സ്ഥാനാർഥിയെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞതവണ പൊന്നാനി സീറ്റ് ബി.ജെ.പി., ബി.ഡി.ജെ.എസിന് നൽകിയിരുന്നു.
Content Highlights: Comprehensive overview of Ponnani's electoral journey since 1957., Analysis of the shift in power between LDF and UDF., Insights into the recent electoral victories of CPM leaders., Speculations on potential candidates for upcoming elections across major parties.
Published: 11 Mar 2026, 01:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented