തിരുവനന്തപുരം: തനിക്കെതിരേ വ്യാജ ആരോപണമുന്നയിച്ച അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കും അക്കാര്യം വാർത്തയായി നൽകിയ മാധ്യമത്തിനും എതിരേ നിയമനടപടിയുമായി പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്ത്.

To advertise here,

നിലവിൽ സസ്‌പെൻഷനിലുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിപിൻ എടവന സാമൂഹികമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്കും പരിശോധനയൊന്നും നടത്താതെ സംപ്രേഷണംചെയ്തതിനുമാണ് എഎംവിക്കും ചാനൽ ഉടമ ഉൾപ്പെടെ അഞ്ചു മാധ്യമപ്രവർത്തകർക്കുമെതിരേ നിയമനടപടി ആരംഭിച്ചത്. ആറുപേർക്കുമെതിരേ കോടതി നോട്ടീസ് അയച്ചു. എസ്. ശ്രീജിത്ത് ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കേ 2023-ൽ ദിപിനെ സസ്‌പെൻഡ്‌ ചെയ്തിരുന്നു.

ഡ്രൈവിങ് ലൈസൻസ് എടുക്കാൻവന്ന സ്ത്രീയെ ലൈംഗികോദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തിയതിനായിരുന്നു സസ്‌പെൻഷൻ. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ നൽകിയ പരാതിയിൽ കണ്ണൂർ കതിരൂർ പോലീസ് കേസെടുത്തിരുന്നു.

ഈ കേസ് വിചാരണഘട്ടത്തിലുമാണ്. ഈ വിരോധം വെച്ചാണ് തനിക്കെതിരേ ഫെയ്‌സ്ബുക്കിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പോസ്റ്റിട്ടതെന്ന്‌ എസ്. ശ്രീജിത്ത്‌ പറയുന്നു. ഇക്കാര്യങ്ങൾ കാട്ടി ചീഫ് സെക്രട്ടറിക്കു കത്ത് നൽകിയ അദ്ദേഹം സർക്കാർതലത്തിൽ നടപടിയെടുക്കാനും അപേക്ഷിച്ചിട്ടുണ്ട്.