തിരുവനന്തപുരം: സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മകൾ വീണ ടി. എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടു. ഇ.ഡിയുടെ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും വിവരങ്ങളും ഉൾപ്പെടുത്തി പി.എം.എൽ.എ. ആക്ട് (പണം വെളുപ്പിക്കൽ നിരോധന നിയമം) സെക്ഷൻ 66(2) പ്രകാരമാണ് ഡി.ജി.പി.ക്ക് കത്തയച്ചിട്ടുള്ളത്. കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ വിജിലൻസിന് മാത്രമേ അധികാരമുള്ളൂ എന്നതിനാലാണ് ഇ.ഡി. സംസ്ഥാന ഡി.ജി.പി.ക്ക് കത്ത് നൽകാൻ മുതിർന്നത്.
യാതൊരു സേവനവും നൽകാതെയാണ് സി.എം.ആർ.എൽ. വീണയ്ക്ക് 1.72 കോടി രൂപ നൽകിയതെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തുക കൈമാറിയതെന്നും ഇ.ഡി. ആരോപിക്കുന്നു. സേവനങ്ങൾ നൽകിയതിന് ആവശ്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. നേരത്തെ എസ്.എ.ഫ്.ഐ.ഒ. സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ തന്നെയായിരുന്നു സൂചിപ്പിച്ചിരുന്നത്.
2016-ൽ പിണറായി വിജയൻ സർക്കാർ അധികാരം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് വീണയ്ക്ക് കരാർ ലഭിക്കുന്നത്. തുടർന്ന് 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് പണം കൈമാറിയിട്ടുള്ളത്. വീണയ്ക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയും അവരുടെ കമ്പനിയായ എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും വീതമാണ് ലഭിച്ചുകൊണ്ടിരുന്നതെന്നും ഇ.ഡി. വ്യക്തമാക്കുന്നു.
ക്രമക്കേടുകളിലൂടെയും വ്യാജ ചെലവുകൾ കാണിച്ചുമാണ് സി.എം.ആർ.എൽ. ഈ പണം കണ്ടെത്തിയതെന്ന് ഇ.ഡിയും എസ്.എ.ഫ്.ഐ.ഒ.യും ചൂണ്ടിക്കാട്ടുന്നു. നിലവിൽ പി.എം.എ.ൽ.എ. ആക്ട് പ്രകാരമാണ് ഇ.ഡി. ഈ കേസ് അന്വേഷിക്കുന്നത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച ഈ പണം എങ്ങോട്ടൊക്കെയാണ് പോയതെന്നും ഇത് ഉപയോഗിച്ച് മറ്റ് നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനും അത്തരം നിക്ഷേപങ്ങൾ കണ്ടുകെട്ടാനുമുള്ള തുടർനടപടികളുമായി ഇ.ഡി. മുന്നോട്ടുപോവുകയാണ്.
നിലവിൽ സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ഇത്തരമൊരു ആവശ്യവുമായി കേന്ദ്ര ഏജൻസി മുന്നോട്ട് വന്നത്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പെട്ട കേസായതിനാൽ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ നിർണ്ണായകമാണ്. ഉന്നതരായ രാഷ്ട്രീയ നേതാക്കൾ പ്രതിസ്ഥാനത്ത് വരുന്നതുകൊണ്ട് തന്നെ കൃത്യമായ നിയമോപദേശവും വിപുലമായ കൂടിയാലോചനകളും പൂർത്തിയാക്കിയ ശേഷമായിരിക്കും ഡി.ജി.പിയുടെ ഭാഗത്തുനിന്നും മറ്റ് തുടർനടപടികൾ ഉണ്ടാവുക.
Published: 08 Sept 2026, 12:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented