തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ ബിജെപി സ്വന്തമാക്കിയ ശേഷം ആദ്യമായി നഗരത്തിലെത്തുന്ന പ്രധാനമന്ത്രി നഗരവാസികൾക്കായി എന്താവും കരുതിയിട്ടുണ്ടാവുക? വെള്ളിയാഴ്ചത്തെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വലിയ പ്രതീക്ഷയാണ് നഗരം പുലർത്തുന്നത്. വർഷങ്ങളായി നടപ്പാകാതെകിടക്കുന്ന പദ്ധതികൾക്കു പരിഹാരമാവുമെന്നു പ്രതീക്ഷിക്കുന്നതിനൊപ്പം അടുത്ത വികസനക്കുതിപ്പിനുള്ള നാന്ദികുറിക്കലാവും ഈ സന്ദർശനമെന്നും പൊതുവേ കരുതുന്നുണ്ട്.

To advertise here,

എന്നാൽ, കോർപ്പറേഷൻ ബിജെപി പിടിച്ചതിന്റെ ആഹ്ലാദം പങ്കിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തലസ്ഥാനത്തെത്തുന്നതെന്നും നഗരവികസനവുമായി ബന്ധപ്പെട്ട വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കേണ്ടെന്നുമുള്ള മുന്നറിയിപ്പ് ബിജെപി നൽകുന്നുണ്ട്. തലസ്ഥാന നഗരത്തിന്റെ വികസനം സംബന്ധിച്ച പ്രാഥമികപഠനം പ്രധാനമന്ത്രിയെ അറിയിക്കുക മാത്രമാണ് വെള്ളിയാഴ്ച നടക്കുകയെന്നും സമഗ്രമായ രൂപരേഖ വിശദമായ പഠനത്തിനു ശേഷമേ ഉണ്ടാവൂവെന്നും മേയർ വി.വി.രാജേഷ് വ്യാഴാഴ്ച വൈകീട്ട് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ബിജെപി ഭരണമേറ്റാൽ, 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്തെ ജനങ്ങളെ കാണുമെന്ന വാഗ്ദാനം നിറവേറുകയാണ്. അധികാരമേറ്റ് 25 ദിവസം പിന്നിടുന്ന ഭരണസമിതിക്ക് 10 ദിവസത്തോളം വിവിധ സ്ഥിരംസമിതി തിരഞ്ഞെടുപ്പിനു ചെലവിടേണ്ടിവന്നു. തദ്ദേശ മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ടിരുന്നു. അവരുടെ നിർദേശ2ങ്ങൾ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർക്കു നൽകിയിട്ടുണ്ട്. വിവിധ രംഗങ്ങളിലെ പ്രമുഖരിൽ ചിലരുമായി മാത്രമേ കൂടിക്കാഴ്ച നടന്നുള്ളൂ. നഗരവികസന സെമിനാറിനു പുറമേ ഫെബ്രുവരിയിൽ ഒരു കോൺക്ലേവ് സംഘടിപ്പിക്കും. അന്യസംസ്ഥാനങ്ങളിൽ നഗരവികസനം വിജയകരമായി നടപ്പാക്കിയ മേയർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

101 വാർഡുകളിൽ 46 എണ്ണത്തിൽ മാത്രമാണ്‌ െഡ്രയിനേജ് സംവിധാനമുള്ളത്. കുടിവെള്ളവിതരണത്തിലെ അപാകം പരിഹരിക്കാൻ 1000 കോടിയുടെ നാല് പ്ലാന്റുകൾ സ്ഥാപിക്കണം. ഇത്തരം വിഷയങ്ങളിൽ പദ്ധതിത്തുക ഉൾപ്പെടെ വിശദമായ പഠനം നടത്തേണ്ടതുണ്ട്. സർക്കാർ, മറ്റ് ഏജൻസികൾ, വിദഗ്ദ്ധർ തുടങ്ങി എല്ലാ വശങ്ങളും പരിഗണിക്കേണ്ടതുണ്ട് - മേയർ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആർ. ഗോപൻ, കരമന അജിത്, വി. സത്യവതി എന്നിവരും പങ്കെടുത്തു.

തലസ്ഥാനം സന്ദർശിക്കുന്ന പ്രധാനമന്ത്രി, നഗരവികസനത്തിന്റെ ബ്ലൂ പ്രിന്റ് കൈമാറുമെന്ന തരത്തിൽ വ്യാപക പ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ വിജയം, രാജ്യത്തിന്റെ പല കേന്ദ്രങ്ങളിലും പ്രധാനമന്ത്രി എടുത്തുപറയുന്നുണ്ട്. ബിജെപിയുടെ വികസനപദ്ധതികളെ ജനം അംഗീകരിച്ചതിന്റെ തെളിവായാണ് തിരുവനന്തപുരത്തെ ബിജെപി വിജയത്തെ പ്രധാനമന്ത്രി അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ നഗരം വലിയ പ്രതീക്ഷ പുലർത്തുന്നതും ഇതുകൊണ്ടുകൂടിയാണ്.

ഇന്ന് ഉച്ചവരെ ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഈസമയത്ത് ശംഖുംമുഖം ആഭ്യന്തര വിമാനത്താവളം-ശംഖുംമുഖം -ഓൾസെയ്ന്റ്സ്-ചാക്ക പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി-ആശാൻ സ്‌ക്വയർ- രക്തസാക്ഷിമണ്ഡപം-വിജെടി മെയിൻഗേറ്റ്-സ്റ്റാച്യു-പുളിമൂട്- ആയുർവേദ കോളേജ്-ഓവർബ്രിഡ്ജ്- മേലേപഴവങ്ങാടി-പവർഹൗസ് ജങ്ഷൻ-ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

10 മണിമുതൽ 11വരെയും ഉച്ചയ്ക്ക് 12മുതൽ ഒരു മണിവരെയും ഗതാഗതം വഴിതിരിച്ചുവിടും. കിഴക്കേക്കോട്ട ഭാഗത്തുനിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നാണ് സർവീസ് നടത്തുന്നത്. നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാവൂ. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 0471-2558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.