തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ടി.പി ശ്രീനിവാസനെ തല്ലിയത് മഹാപരാധമായി കാണുന്നില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. ശ്രീനിവാസന്‍ കേട്ടലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് ആ വിദ്യാര്‍ഥി അടിച്ചതെന്നും അതിന് എസ്.എഫ്.ഐ മാപ്പ് പറയേണ്ടതില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.

To advertise here,

'എസ്.എഫ്.ഐ സംഘടനാപരമായി തീരുമാനിച്ച് ടി.പി ശ്രീനിവാസനെ തല്ലണമെന്ന് കരുതി പോയതല്ല. സമാധാനപരമായി നടക്കുന്ന ഒരു സമരത്തിനിടെ ചില വിദ്യാര്‍ഥികള്‍ അയാളെ സുരക്ഷിതമായി ഒരു ഭാഗത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വന്ന വാക്കിനെതിരെയുണ്ടായ പ്രതികരണമാണുണ്ടായത്. മുന്നില്‍ നിന്ന് തന്തയ്ക്ക് വിളിച്ചതിലുള്ള പ്രതികരണമാണ് അവിടെ ഉണ്ടായത്. ടി.പി. ശ്രീനിവാസന്റെ നിലപാടിനെതിരേയുള്ള പ്രതികരണമോ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന് എതിരേയുണ്ടായ പ്രതികരണമോ ആയിരുന്നില്ല അത്.'- ആര്‍ഷോ വ്യക്തമാക്കി.

2016-ല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു ടി.പി ശ്രീനിവാസന്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിക്കാന്‍ കോവളത്തെ ആഗോള വിദ്യാഭ്യാസ സംഗമത്തിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധമുണ്ടായത്. ഇടതു സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലയ്ക്ക് നല്‍കുന്ന ബില്‍ കൊണ്ടുവന്നതോടെയാണ് ഒമ്പത് വര്‍ഷം മുമ്പത്തെ സംഭവം വീണ്ടും ചര്‍ച്ചയായത്. 

കോട്ടയത്തെ നഴ്‌സിങ് കോളേജിലെ റാഗിങ്ങുമായി എസ്.എഫ്.ഐക്ക് ബന്ധമില്ലെന്നും അത് എസ്.എഫ്.ഐയുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് പലരുടേയും ശ്രമമെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു. ഈ കേസിലെ പ്രതി എസ്.എഫ്.ഐ അംഗമല്ലെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരള ഗവ: നഴ്‌സിങ് സ്റ്റുഡന്റ് അസോസിയേഷന്‍ ഭാരവാഹിയാണ് പ്രതിയെന്നും ആര്‍ഷോ പറയുന്നു.