പി.ജെ. ജോസഫും ഡോ. ശാന്തയും(1-വിവാഹവേളയിലെ ചിത്രം, 2- ജോസഫിന് പ്രഭാതഭക്ഷണം വിളമ്പിക്കൊടുക്കുന്ന ശാന്ത) | Photo: Mathrubhumi Library
തൊടുപുഴ: പി.ജെ.യുടെ കരുത്തായിരുന്നു ഡോ.ശാന്ത. രാഷ്ട്രീയമായും വ്യക്തിപരമായും പി.ജെ. വലിയ വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അടിയുറച്ചുനിന്നയാള്. ആ വെല്ലുവിളികളെയെല്ലാം തരണംചെയ്യാന്‍ അദ്ദേഹത്തിന് പ്രചോദനമായ പ്രിയപ്പെട്ടവള്‍.
എന്നാല്‍, അതു മാത്രമായിരുന്നില്ല ഡോ.ശാന്ത. തിരക്കുകള്‍ മലപോലെയെത്തിയിട്ടും തന്റെ കര്മമേഖലയില് വ്യക്തിമുദ്രപതിപ്പിച്ച മികച്ചൊരു ഗൈനക്കോളജിസ്റ്റായിരുന്നു അവര്‍.
1967-ലാണ് ഡോ.ശാന്ത സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത്. ആദ്യകാലത്ത് പുറപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, പണ്ടപ്പിള്ളി, മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ജോലിചെയ്തു.
തുടര്‍ന്നാണ് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഏറെക്കാലം അവിടെയായിരുന്നു കര്‍മമേഖല. പ്രദേശത്തെ ഒട്ടേറെപ്പേരുടെ ജനനത്തിന് അക്കാലത്ത് സാക്ഷിയായി. പ്രിയപ്പെട്ട ഡോക്ടര്‍ എന്ന പേരുനേടി. പിന്നീട് ആശുപത്രിയുടെ സൂപ്രണ്ടായി. പ്രവര്‍ത്തനമികവ് ആരോഗ്യവകുപ്പിലെ അഡീഷണല്‍ ഡയറക്ടറാക്കി. ആ സ്ഥാനത്തുനിന്നാണ് 1999-ല്‍ വിരമിച്ചത്.

ഉപദേശകയും രാഷ്ട്രീയനിരൂപകയും
മികച്ച വായനാശീലത്തിന് ഉടമയായിരുന്ന ശാന്ത. എന്നും രാവിലെ പത്രം വായിക്കും. രാഷ്ട്രീയവാര്‍ത്തകള്‍ അവലോകനംചെയ്യും. എന്നിട്ട് പി.ജെ.യോട് പറയും. ഉപദേശങ്ങള്‍ക്കായി പി.ജെ. ആദ്യം സമീപിക്കുന്നവരില്‍ ഒരാള്‍ ഭാര്യയായിരുന്നു. പി.ജെ.യുടെ വിജയത്തിന് പിന്നില്‍ എന്നും ഡോ.ശാന്തയുടെ കൈയൊപ്പുണ്ടായിരുന്നു.
പി.ജെ.യെ കാണാന്‍ വീട്ടിലെത്തുന്നവരെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന ശാന്തയാണ് എല്ലാവരുടേയും ഓര്‍മയിലുള്ളത്. പി.ജെ. ഇല്ലാത്തപ്പോള്‍ അവരുടെ കഷ്ടപ്പാടുകള്‍ കേള്‍ക്കും. അത് പിന്നീട് പി.ജെ.യെ അറിയിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ശാന്ത കുടുംബാംഗത്തെ പോലെയായിരുന്നു. ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും വീടും കൃഷിയിടവും ശാന്ത പൊന്നുപോലെനോക്കി.
.jpg?$p=483782c&&q=0.8)
പി.ജെ. പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കില്പ്പെട്ടുപോകുമ്പോള് മക്കളുടെ പഠനവും വീടിന്റെ മറ്റ് കാര്യങ്ങളുമൊക്കെ നോക്കുന്നത് ശാന്തയായിരുന്നു. കൃഷിയിലും കാലിവളര്‍ത്തലിലും ശാന്തയ്ക്ക് വലിയ താത്പര്യമുണ്ടായിരുന്നു. സര്‍വീസില്‍നിന്ന് പിരിഞ്ഞതിനുശേഷം കൃഷിയും വീട്ടുകാര്യങ്ങളുമൊക്കെയായി മുമ്പോട്ടുപോകുകയായിരുന്നു.
ആറു മാസം മുന്‍പാണ് കരള്‍രോഗം പിടിപെട്ടത്. അതിനെയും പുഞ്ചിരിയോടെ നേരിട്ടു. പി.ജെ.യ്ക്ക് ഒപ്പംതന്നെ നിന്നു. രണ്ടുവര്‍ഷം മുന്‍പാണ് ഇവരുടെ ഇളയമകന് ജോമോന് ജോസഫ് മരിച്ചത്. ഇപ്പോള്‍ ശാന്തയും വിടപറയുമ്പോള്‍ അത് ഇരട്ടി ആഘാതമായി. ചൊവ്വാഴ്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഡോ. ശാന്തയുടെ മരണം.
Content Highlights: pj joseph wife dr santha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..