തിരുവനന്തപുരം: ഈരാറ്റുപേട്ടയില്‍ പള്ളിയിലെ സഹവികാരിയെ ആക്രമിച്ച സംഭവം തെമ്മാടിത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിംവിഭാഗത്തെ മാത്രം പ്രതി ചേര്‍ത്തെന്ന ഹുസൈന്‍ മടവൂരിന്റെ ആരോപണത്തിലാണ് മറുപടി. ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള മുഖാമുഖത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്ലിം വിഭാഗവുമായുള്ള ആശയവിനിമയത്തിനിടെയാണ്‌
മുഖ്യമന്ത്രിയുടെ പ്രതികരണം. 

To advertise here,

വൈദികന് നേരെ വണ്ടി കയറ്റിയെങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സംഘമെന്ന് പറയുമ്പോൾ എല്ലാവരുമുണ്ടാകും എന്നല്ലേ നമ്മൾ കരുതുക. എന്നാൽ, ഇവിടെ എല്ലാവരും മുസ്ലിം വിഭാ​ഗത്തിൽപ്പെട്ടവരായിരുന്നു. അല്ലാതെ, ചെറുപ്പക്കാരുടെ കൂട്ടത്തിലുള്ള മുസ്ലിം വിഭാ​ഗത്തിൽപ്പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ചതല്ല. 

ഹുസൈൻ മടവൂരിനെ പോലെയുള്ളവർ വലിയ സ്ഥാനത്ത് ഇരിക്കുന്നവരല്ലേ. തെറ്റായ ധാരണകൾ വച്ചുപുലർത്തരുത്. ശരിയായ ധാരണകളില്‍ കൂടി മാത്രമേ കാര്യങ്ങൾ അവതരിപ്പിക്കാൻ തയ്യാറാകാവൂ. പോലീസിന്റെ ഭാഗത്ത് ചിലപ്പോൾ തെറ്റുണ്ടാകാം. ഇത്തരത്തിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

പൂഞ്ഞാർ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസിൽ 27 പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ 27 പേരിൽ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു.