ഈരാറ്റുപേട്ട: പൂഞ്ഞാര്‍ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസില്‍ 27 പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേര്‍ക്കെതിരേ കോട്ടയം സൈബര്‍ പോലീസും കേസ് രജിസ്റ്റര്‍ചെയ്തു. വൈദികനെ ആക്രമിച്ചവര്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ, കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരേയും ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു.

To advertise here,

വാഹനം ഇടിപ്പിച്ച കേസില്‍ അറസ്റ്റിലായ 27 പേരില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. 

സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുപ്രകാരം കോട്ടയം സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷപരമായ തരത്തില്‍ പോസ്റ്റുകളും, കമന്റുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സൈബര്‍ പോലീസ് അറിയിച്ചു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് പ്രതിഷേധക്കാര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്.

ഒറ്റപ്പെട്ട സംഭവം, മുതലെടുപ്പ് പാടില്ല -സര്‍വകക്ഷി യോഗം

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ സെയ്ന്റ് മേരീസ് പള്ളി മൈതാനത്ത് യുവാക്കള്‍ നടത്തിയ നിയമവിരുദ്ധ നടപടി അപലപനീയവും ഖേദകരമാണെന്നും നഗരസഭയില്‍ കൂടിയ സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു. ഈ സംഭവവുമായി ഈരാറ്റുപേട്ടയിലെ ഒരു സംഘടനയ്ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബന്ധമില്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രാഷ്ട്രീയ മുതലെടുപ്പും മതവൈരം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. നഗരസഭാധ്യക്ഷ സുഹറ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ മുഹമ്മദ് ഇല്യാസ്, അരുവിത്തുറ സെയ്ന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി സെബാസ്റ്റ്യന്‍ വെട്ടിക്കല്‍, നൈനാര്‍ പള്ളി ഇമാം അഷറഫ് മൗലവി, പി.ഇ. മുഹമ്മദ് സക്കീര്‍, അഫ്സറുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വൈദികനെ വാഹനം ഇടിപ്പിച്ച സംഭവം: വ്യാപക പ്രതിഷേധം

പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുചാലിനെ വാഹനം ഇടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. വിവിധ ഭക്തജന സംഘടനകളും പൊതുപ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളിയാഴ്ച സംഭവത്തിനുശേഷം വൈകീട്ട് പള്ളിയില്‍ കൂട്ടമണി അടിച്ചതോടെ വിശ്വാസികള്‍ പള്ളിയിലെത്തി. തുടര്‍ന്ന് വൈദികരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.

ഇതോടെ, പൂഞ്ഞാര്‍ ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ആന്റോ ആന്റണി എം.പി., പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു, പി.സി.ജോര്‍ജ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. പ്രകടനത്തിനുശേഷം നടന്ന യോഗത്തില്‍ വികാരി ഫാ. മാത്യു കടൂക്കുന്നേല്‍, ഫാ. ഡോ.ജോര്‍ജ് വര്‍ഗീസ്, ഫാ. ജോയ് നിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. കൈയ്ക്കും ദേഹത്തും പരിക്കേറ്റ വൈദികന്‍ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൂഞ്ഞാര്‍ പള്ളിയിലെത്തി വികാരിയുമായി കൂടിക്കാഴ്ച നടത്തി. പള്ളിയില്‍ ഞായറാഴ്ച അടിയന്തരയോഗം ചേരും. ഇടവക ജനങ്ങള്‍ മുഴുവന്‍ ഉള്‍പ്പെട്ട യോഗമായിരിക്കും. പള്ളി അങ്കണത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെപ്പറ്റി യോഗം ചര്‍ച്ചചെയ്യും. അരുവിത്തുറ സെയ്ന്റ് ജോര്‍ജ് ഫൊറോന ഇടവകയും വിവിധ സംഘടനകളും വികാരി വെരി റവ.ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അപലപിച്ചു.

എ.കെ.സി.സി. പൂഞ്ഞാര്‍ മേഖലാ സമിതിയും പ്രതിഷേധിച്ചു. മേഖലാ പ്രസിഡന്റ് ജോര്‍ജ് തൊടുവനാല്‍ അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ജോഷി പള്ളിപ്പറമ്പില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. രൂപതാ സെക്രട്ടറി ജോണ്‍സണ്‍ ചെറുവള്ളില്‍, ജോയ് തെക്കേല്‍, ജോണി ചാമക്കാലാ, ലെല്‍സ് വയലിക്കുന്നേല്‍, റിന്‍സ്മോന്‍ ആലപ്പാട്ട്, ജോയ് മാടപ്പള്ളില്‍, ഫിലിപ്പ് വരിക്കാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കുന്നോന്നി കുടുംബക്കൂട്ടായ്മ സെന്‍ട്രല്‍ കമ്മിറ്റിയും പ്രതിഷേധിച്ചു. സെബാസ്റ്റ്യന്‍ കുറ്റിയാനി, ജോണി വേണാട്ട്, ആന്‍സി കുന്നേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ എ.കെ.സി.സി. കുന്നോന്നി യൂണിറ്റും പ്രതിഷേധം രേഖപ്പെടുത്തി. വികാരി ഫാ. മത്തായിച്ചന്‍ പിടികയില്‍, പ്രസിഡന്റ് ലെല്‍സ് വയലിക്കുന്നേല്‍, രാജേഷ് കുഴിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. ജോസഫ് ആറ്റുചാലിനെ വാഹനം ഇടിപ്പിച്ച് പരിക്കേല്പിച്ച സംഭവം ജനാധിപത്യ, മതേതര കേരളത്തിന് അംഗീകരിക്കാനാകില്ലെന്നും അപലപനീയമാണെന്നും യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് റോജി തോമസ് മുതിരന്തിക്കല്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് സെബാസ്റ്റ്യന്‍, ടോമി മാടപ്പള്ളി, എം.സി.വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ അധ്യക്ഷത വഹിച്ചു.

വൈദികനെ സന്ദര്‍ശിച്ചു

ചികിത്സയില്‍ കഴിയുന്ന പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് ഇടവക സഹവികാരി ഫാ.ജോസഫ് ആറ്റുചാലിനെ ആശുപത്രിയില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. സന്ദര്‍ശിച്ചു.

ഈ അക്രമവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അറിയിച്ചു.