കോഴിക്കോട്: സ്ഥാനാർഥിനിർണയ ചർച്ച പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച കോഴിക്കോട്ട് നടക്കുന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനത്തിനുൾപ്പെടെ വിവിധ പരിപാടികൾക്കായാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്. ഇതിനിടയിലാണ് യോഗത്തിൽ പങ്കെടുക്കുക. എലത്തൂർ സീറ്റിൽ എൻ.സി.പി.(എസ്)യിൽ നടക്കുന്ന തർക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും.

To advertise here,

സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനും ജില്ലയിലെ എൻ.സി.പി. നേതൃത്വവും തമ്മിലുള്ള അഭിപ്രായഭിന്നത പരസ്യമായതോടെ സീറ്റ് സി.പി.എം. ഏറ്റെടുത്തേക്കുമെന്ന സംശയമുയർന്നിരുന്നു. സി.പി.എമ്മിൽ നിലവിൽ സിറ്റിങ് എം.എൽ.എ.മാർതന്നെയാണ് മത്സരിക്കുന്നത്. സി.പി.ഐ.യുടെ സീറ്റായ നാദാപുരത്ത് സത്യൻ മൊകേരിയുടെയും സി.പി.ഐ. ജില്ലാസെക്രട്ടറി പി. ഗവാസിന്റെയും പേരുകൾ പരിഗണനയിലുണ്ട്. കുന്ദമംഗലത്ത് പി.ടി.എ. റഹീം തുടരും. എന്നാൽ, ജില്ലയിലെ ഏറ്റവും ശക്തമായ എൽ.ഡി.എഫ്. മണ്ഡലമായ എലത്തൂരിൽമാത്രമാണ് ഇപ്പോൾ തർക്കമുള്ളത്. എൻ.സി.പി.(എസ്) ജില്ലാകമ്മിറ്റി ജില്ലാപ്രസിഡന്റ് മുക്കം മുഹമ്മദ് മത്സരിക്കണമെന്നാണ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ജില്ലയിലെ വിവിധ എൻ.സി.പി. (എസ്) ഘടകങ്ങൾ മുക്കം മുഹമ്മദിന് അനുകൂലമാണ്. എൻ.സി.പി. (എസ്) സംസ്ഥാനപ്രസിഡന്റ് പി.സി. ചാക്കോയും ശശീന്ദ്രൻ മാറിനിൽക്കണമെന്ന നിലപാടിലാണ്. എന്നാൽ, താൻതന്നെ തുടരുമെന്നാണ് എ.കെ. ശശീന്ദ്രന്റെ നിലപാട്. തർക്കം മണ്ഡലത്തിലെ സാധ്യതയെ ബാധിക്കുമെന്നാണ് സി.പി.എമ്മിന്റെ നിലപാട്.