കുമ്പനാട്: തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് കോയിപ്രം പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ എത്തിയത്. കുമ്പനാട് ടി.കെ. റോഡില്‍ മണിയാറ്റ് ഓഡിറ്റോറിയത്തിന് സമീപം അപകടം നടന്നിരിക്കുന്നു എത്രയും പെട്ടെന്ന് സ്ഥലത്തെത്തണമെന്നുള്ള സന്ദേശമായിരുന്നു അത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.പി.ഒ. അഭിലാഷ് ഉടന്‍തന്നെ സ്ഥലത്തെത്തി. കാറിടിച്ച് തള്ളയും കുട്ടികളും അടങ്ങുന്ന പന്നിക്കൂട്ടം റോഡില്‍ ചിതറിക്കിടക്കുന്നു.

To advertise here,

കാഴ്ചയില്‍ 60 കിലോയ്ക്ക് മുകളില്‍ ഭാരം തോന്നിക്കുന്ന തള്ള പന്നിയുടെ രണ്ട് കാലുകള്‍ ഒടിഞ്ഞനിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പന്നിക്കുട്ടികള്‍ നാലും ചത്തിരുന്നു. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന എസ്.ഐ. എസ്. ഷൈജു, സി.പി.ഒ. സുരേഷ് എന്നിവരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. തിരുവല്ലയില്‍ ഹോട്ടല്‍ നടത്തുന്ന ചുരുളിക്കോട് സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്. കാറിന്റെ മുന്‍ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പന്നികള്‍ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്.

പോലീസിന് പണിയായി
പന്നിക്കുട്ടികള്‍ ചത്തെങ്കിലും തള്ളക്ക് സാരമായ പരിക്കേറ്റിട്ടുള്ളതിനാല്‍ പോലീസിന് സംഭവസ്ഥലത്തുനിന്ന് പോകാന്‍ പറ്റാതായി. ഒരു മണിയോടുകൂടി പല ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളെയും ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ല. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതയെ ലൈനില്‍ കിട്ടി. പ്രസിഡന്റ് വരാമെന്ന് സമ്മതിച്ചെങ്കിലും വാഹനസൗകര്യം ഇല്ലെന്ന് പറഞ്ഞു. വേഗം റെഡിയായി വിട്ടുപടിക്കല്‍ നിന്നോ പോലീസ് ജീപ്പ് അയക്കാമെന്നായി എസ്.ഐ.

തള്ളപ്പന്നിയെ വെടിവെച്ച് കൊന്നു
പ്രസിഡന്റിനെയും കൂട്ടി സ്ഥലത്തെത്തിയപ്പോഴാണ് അടുത്തപ്രശ്‌നം. എസ്.ഐ. ഷൈജു വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൈയൊഴിഞ്ഞു. 'ഇത് ഞങ്ങളുടെ ഡ്യൂട്ടിയല്ല പഞ്ചായത്തിനാണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുക അവരുമായിട്ട് ബന്ധപ്പെടുക,' ചാറ്റല്‍ മഴയും നനഞ്ഞ് എല്ലാവരുംകൂടി ആലോചിച്ചു ഇനി എന്ത് ചെയ്യണമെന്ന്. പ്രസിഡന്റ് വീണ്ടും മെമ്പര്‍മാരായ മുകേഷ് മുരളിയെയും ജോണ്‍സനെയും വിളിച്ചു.

placeholder
അപകടത്തിൽപ്പെട്ട കാർ

അവര്‍ പറഞ്ഞത് പ്രകാരം ഷൂട്ടറെ വരുത്തി തള്ളപ്പന്നിയെ കൊല്ലാന്‍ തീരുമാനമായി. പക്ഷേ ഒരുകുഴപ്പം, കോയിപ്രം പഞ്ചായത്തില്‍ ഷൂട്ടര്‍മാര്‍ ഇല്ല. സ്ഥിരമായി പഞ്ചായത്തില്‍ വരാറുള്ള ഷൂട്ടര്‍മാരെയെല്ലാം വിളിച്ചെങ്കിലും ആരെയും കിട്ടിയില്ല. ഒടുവില്‍ എഴുമറ്റൂരിലുള്ള ഒരു ഷൂട്ടറെയാണ് സംഘടിപ്പിച്ചത്. ഷൂട്ടര്‍ എത്തി തള്ളപന്നിയെ വെടിവെച്ച് കൊന്നപ്പോഴേക്കും സമയം മൂന്നുമണി.

പന്നികളെ ആരെങ്കിലും തട്ടിയെടുത്താലോ
അപ്പോള്‍ വീണ്ടും പ്രശ്‌നം. പന്നികളെ റോഡ് വശത്ത് ഇട്ടിട്ട് പോയാല്‍ ആരെങ്കിലും കൊണ്ടുപോയാലോ...? അതൊഴിവാക്കാന്‍ പന്നികളുടെ ജഡത്തില്‍ ഡീസല്‍ ഒഴിക്കാം എന്നുള്ള തീരുമാനമായി. ഡീസല്‍ വാങ്ങുവാനായി വീണ്ടും പോലീസ് ജീപ്പ് ഓടി. നാല് ലിറ്റര്‍ ഡീസല്‍ പന്നികളുടെ ദേഹത്ത് ഒഴിച്ചു. അടുത്തുള്ള വീടിന്റെ ഗേറ്റിനുള്ളിലേക്ക് പന്നിക്കൂട്ടങ്ങളെ വലിച്ചുമാറ്റിയിടുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞപ്പോള്‍ പുലര്‍ച്ചെ നാലുമണി.

ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും സ്ഥലത്തെത്തിയപ്പോള്‍ വീണ്ടും പ്രശ്‌നം. പന്നിയെ പറമ്പില്‍ കുഴിച്ചിടാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ ഒരുമണിക്കൂര്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പന്നിയെ അടുത്ത വീട്ടുകാരുടെ പറമ്പിന്റെ ഒരുമൂലയ്ക്ക് മറവ് ചെയ്യുവാന്‍ തീരുമാനിച്ചു.