തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച സ്വകാര്യ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐ, കെഎസ്‌യു പ്രതിഷേധം. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു ഉദ്ഘാടകന്‍. ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ പോലീസ് നീക്കംചെയ്തു. 

To advertise here,

സെനറ്റ് ഹാളിനു പുറത്തും അകത്തും സംഘര്‍ഷമുണ്ടായി. കെഎസ്‌യു പ്രവര്‍ത്തകര്‍ ഹാളിനകത്തേക്ക് തള്ളിക്കയറി. പിന്നീട് ഇവരെ പുറത്താക്കി പരിപാടി ആരംഭിച്ചു. പരിപാടി റദ്ദാക്കുന്നതായി കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ അറിയിച്ചെങ്കിലും പിന്നാലെ ഗവര്‍ണര്‍ വേദിയിലേക്ക് എത്തുകയായിരുന്നു. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 

ചിത്രം മാറ്റണമെന്ന് കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറും എസ്എഫ്‌ഐയും ആവശ്യപ്പെട്ടിരുന്നു. ചിത്രം മാറ്റാതെ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്നായിരുന്നു എസ്എഫ്‌ഐ നിലപാട്. എന്നാല്‍, ചിത്രം മാറ്റിയാല്‍ ഗവര്‍ണര്‍ പരിപാടിക്ക് എത്തില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തി വലിയ പോലീസ് വിന്യാസമായിരുന്നു പ്രദേശത്തുണ്ടായിരുന്നുത്. എസ്എഫ്‌ഐ പ്രവര്‍ത്തകരും ബിജെപി നേതാക്കളും പ്രദേശത്ത് നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്നായിരുന്നു പരിപാടിയുടെ സംഘാടകരുടെ നിലപാട്.

പരിപാടിക്ക് ശേഷം ഗവർണർ പുറത്തിറങ്ങുമ്പോൾ പ്രതിഷേധം ഉണ്ടാകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പറഞ്ഞു. ഗവർണറുടെ വഴി തടയില്ല. പ്രതിഷേധം മാത്രമാണ്.  യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഒന്നാംതരം ആർഎസ്എസുകാരൻ ആണ്. പ്രതിഷേധിക്കുന്നു എന്ന് അറിഞ്ഞിട്ടും ഗവർണർ എത്തിയത് വെല്ലുവിളിക്കാനാണെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു. 

ഇതിനിടെ, കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തി. 'മിസ്റ്റര്‍ ഗവര്‍ണര്‍- ഭാരതാംബയും കാവി കോണകവും ഹെഡ്‌ഗേവാറും ശാഖയില്‍ മതി-  ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്' എന്ന ബാനറാണ് യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.