പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെള്ളിയാഴ്ച രാത്രി ഓടിക്കൊണ്ടിരിക്കുന്ന കാർകത്തി ഗർഭിണി മരിച്ച സംഭവത്തിൽ ഫൊറൻസിക് സംഘവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് കോഴിക്കോട് ജില്ലാ ഫൊറൻസിക് യൂണിറ്റിൽനിന്നുള്ള സയന്റിഫിക് സംഘം കാർ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചത്.

To advertise here,

ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോനയാണ് തീപ്പിടിത്തത്തിൽ മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും പിൻസീറ്റിൽ കിടക്കുകയായിരുന്ന സോന വാതിൽ ലോക്കായതിനാൽ ഉള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. കാറിന്റെ വാതിൽ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്നാണ് പരിശോധന നടത്തിയത്.

കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്. പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ, ബോണറ്റിനുള്ളിലേക്ക് തീപടർന്നിട്ടില്ല. അതിനാൽ തീപ്പിടിത്തം എങ്ങനെയുണ്ടായെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പോലീസ് പറഞ്ഞു.

കാർ കത്തിത്തുടങ്ങുന്ന സമയത്ത് വലിയ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നുണ്ട്. ഇതെങ്ങനെയുണ്ടായതാണെന്നതും വ്യക്തമല്ല. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി കൊണ്ടുപോയി.

മേപ്പയ്യൂർ ഇൻസ്പെക്ടർ എ. അജീഷ്, എസ്.ഐ. എൻ.എം. റസാഖ്, എ.എസ്.ഐ. ടി.കെ. അനൂപ് എന്നിവരും പരിശോധനയ്ക്കു നേതൃത്വംനൽകി. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തി. എം.എം.വി.ഐ.മാരായ കെ.വി. നിജു, ജി. അരുൺ, എ.ആർ. ജിഷ്ണു, കെ.സി. അനുലേഖ് എന്നിവർ നേതൃത്വംനൽകി.

വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് ഭർത്താവ് രജിൻലാലിനൊപ്പമുള്ള യാത്രയ്ക്കിടെ കാർ കത്തി സോന മരിച്ചത്. രജിൻലാൽ 65 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. അതിനാൽ, സോനയ്ക്ക് യാത്രാമൊഴി നൽകാൻ ഭർത്താവുണ്ടായിരുന്നില്ല.

കാർ കത്തിയത് വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ്‌

ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെള്ളിയാഴ്ച രാത്രി ഒൻപതോടെ കാർ കത്തിയത് ദമ്പതിമാർ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ്‌. കോഴിക്കോട്ടെ ആശുപത്രിയിൽ പോയശേഷം തിരികെ വീട്ടിലേക്കുള്ള വഴിയിൽ ചെറുവണ്ണൂരിൽനിന്ന് കക്കറമുക്ക് റോഡിലേക്ക് കടന്ന ഉടനെ വയൽപ്രദേശത്ത് ഒതയോത്തുതാഴെ ഭാഗത്താണ് കാർ കത്തിയത്. ഇവിടെനിന്ന്‌ രണ്ടുകിലോമീറ്റർ ദൂരമേ വീട്ടിലെത്താൻ ഉണ്ടായിരുന്നുള്ളൂ. 

വയൽപ്രദേശത്തെ തോട്ടിനരികെയാണ് സംഭവം ഉണ്ടായതെന്നതിനാൽ ഓടിക്കൂടിയ നാട്ടുകാർക്ക് തീകെടുത്താൻ സഹായമായി. വലിയ സ്ഫോടനശബ്ദം കേട്ട് ഓടിയെത്തുമ്പോൾ കാർ ആളിക്കത്തുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ സമീപ വീട്ടുകാരായ വി.കെ. മൊയ്തുവും ഒതയോത്ത് കുഞ്ഞബ്ദുള്ളയും പറഞ്ഞു.

അപ്പോഴേക്കും രജിൻലാൽ കാറിൽനിന്ന്‌ ചാടി പുറത്തിറങ്ങിയിരുന്നു. കൈയുയർത്തി രക്ഷിക്കണമെന്ന് വിളിക്കുന്നുണ്ടായിരുന്നു. ശരീരത്തിലെ വസ്ത്രങ്ങളിൽ പടർന്ന തീ കത്തിക്കൊണ്ടിരുന്നതിനാൽ സമീപത്തെ തോട്ടിലേക്ക് ചാടി രജിൻലാൽതന്നെ കെടുത്തുകയായിരുന്നു. പിന്നാലെ സമീപത്തെ വീട്ടുകാരെല്ലാം ബക്കറ്റുമായെത്തി തോട്ടിൽനിന്ന്‌ വെള്ളംമുക്കി ഒഴിച്ച് അഗ്നിരക്ഷാസേന എത്തുംമുൻപ്‌ തീക്കെടുത്തുകയായിരുന്നു.

കാറിൽ ഒരാൾകൂടിയുണ്ടെന്ന് ആദ്യം രക്ഷാപ്രവർത്തകർക്ക് മനസ്സിലായില്ല. പിൻസീറ്റിൽ കിടക്കുകയായിരുന്നു സോന. ഇവരുടെ മുകളിലേക്ക് കാറിന്റെ മുകൾഭാഗം അടർന്നുവീഴുകയും ചെയ്തിരുന്നു. അതിനാൽ പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ലായിരുന്നു. ഒരാൾകൂടിയുണ്ടെന്ന് രജിൻ ലാൽ പറഞ്ഞതോടെയാണ് സോനയെ പുറത്തെടുക്കാൻ ശ്രമിച്ചത്. കാറിന്റെ പിൻവാതിൽ ലോക്കായിരുന്നതിനാൽ ഏറെ നേരം പരിശ്രമിക്കേണ്ടി വന്നു. ചില്ലുപൊട്ടിച്ചാണ് ബെഡ്ഷീറ്റിൽ കിടത്തി പുറത്തെടുത്തത്. അപ്പോൾ ജീവനുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

കാറിന്റെ ഉൾവശംമാത്രമാണ് പൂർണമായി കത്തിയമർന്നത്. ബോണറ്റിന്റെ എൻജിൻ ഭാഗം കത്തിയിട്ടില്ലെന്നതും പരിശോധനയിൽ കണ്ടെത്തി.