പീരുമേട്: രണ്ടുപതിറ്റാണ്ടായി ഇടതിനൊപ്പം നിന്ന മണ്ഡലം ഇത്തവണ യു.ഡി.എഫിനെ പിന്തുണയ്ക്കുമോ എന്ന കാത്തിരിപ്പിലാണ് പീരുമേട്. എന്നാൽ ശക്തമായി നടന്ന പോരാട്ടത്തിൽ എൽ.ഡി.എഫ്. തുടരുമെന്ന് തന്നെയാണ് ഇടത് ക്യാമ്പ് വിലയിരുത്തുന്നത്. എം.എൽ.എ.യായിരുന്ന തോട്ടം തൊഴിലാളി നേതാവ് വാഴൂർ സോമന്റെ വിയോഗത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലീം കുമാറാണ് ഇടതുസ്ഥാനാർഥിയായി മത്സരിച്ചത്. കഴിഞ്ഞ രണ്ടുതവണയും മത്സരിച്ച് നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ട അഡ്വ. സിറിയക്ക് തോമസ് യു.ഡി.എഫ്. സ്ഥാനാർഥിയായി. എൻ.ഡി.എ.യ്ക്ക് വേണ്ടി രതീഷ് വരുമലയും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. തോട്ടം മേഖല നേരിടുന്ന പ്രതിസന്ധി തന്നെയാണ് തിരഞ്ഞെടുപ്പിൽ ഇത്തവണയും പ്രധാന ചർച്ചയായത്. ഒപ്പം കാർഷിക രംഗവും വിനോദ സഞ്ചാരവും അടിസ്ഥാന വികസനവുമൊക്കെ തീപാറുന്ന ചർച്ചകൾക്കിടയാക്കി. തിരഞ്ഞെടുപ്പിന് ശേഷം കിട്ടിയ നീണ്ട ദിവസങ്ങളിൽ ബൂത്ത് തലത്തിൽ മുതൽ അവലോകനങ്ങൾ മൂന്ന് മുന്നണികളും നടത്തിക്കഴിഞ്ഞു. അവരുടെ പ്രതീക്ഷയും അവലോകനവും ഇങ്ങനെയാണ്.

To advertise here,

വിജയപ്രതീക്ഷയിൽ യു.ഡി.എഫ്.

വിജയം ഉറപ്പാണെന്നാണ് യു.ഡി.എഫ്. ക്യാമ്പ് പറയുന്നത്. കഴിഞ്ഞ രണ്ടുതവണയും ഉണ്ടായ നേരിയ വോട്ടുകളുടെ വിത്യാസത്തിലുണ്ടായ പരാജയങ്ങൾ ഇത്തവണത്തെ ഏകോപന പ്രവർത്തനങ്ങൾ കൊണ്ട് മറികടക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേടിയ വിജയം ആവർത്തിക്കും. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രാദേശിക നേതാക്കളും പ്രവർത്തകരും തമ്മിൽ ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾ നടന്നു.

മുൻ തിരഞ്ഞെടുപ്പുകളിൽ പിന്നാക്കം നിന്ന പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയുള്ള പ്രവർത്തനങ്ങൾ ഇത്തവണ ഗുണകരമാകമെന്നും പ്രതീക്ഷയുണ്ട്. പ്രധാന നേതാക്കളായ മല്ലികാർജുൻ ഖാർഗേ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയവർ പ്രചാരണത്തിന് എത്തിയതും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭരണ വീഴ്ചകൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതും അനുകൂല വോട്ടുകളായി മാറുമെന്നും മണ്ഡലം ഇതുവരെ കാണാത്ത ഭൂരിപക്ഷമായ പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. സിറിയക്ക് തോമസ് നേടുമെന്നുമാണ് ജില്ലാ കോൺഗ്രസ് കമ്മറ്റിയടക്കമുള്ള വലത് ക്യാമ്പിന്റെ കണക്ക് കൂട്ടൽ.

ഉജ്ജ്വലവിജയം ഉറപ്പെന്ന് എൽ.ഡി.എഫ്.

സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലീംകുമാർ മത്സര രംഗത്തെത്തിയതോടെ ഇടതുമുന്നണിയുടെ ശക്തമായ പ്രചാരണമാണ് മണ്ഡലത്തിലുണ്ടായത്. മണ്ഡലത്തിന്റെ പുറത്തുനിന്നുള്ള സ്ഥാനാർഥിയെന്ന എതിർ ക്യാമ്പിന്റെ പ്രചാരണം ആദ്യഘട്ടങ്ങളിൽ ഉണ്ടായെങ്കിലും ഇടതുമുന്നണിയുടെ ചടുലമായ പ്രവർത്തനങ്ങൾ മൂലം മറികടക്കാനായി. തോട്ടം, കാർഷികമേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ പ്രചാരണവും ബൂത്തുകൾ കേന്ദ്രികരിച്ച് നടത്തിയ ഗൃഹസന്ദർശനങ്ങളും മുൻ തിരഞ്ഞെടുപ്പുകളെക്കാൾ ഉയർന്ന ഭൂരിപക്ഷം ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേടി തരുമെന്ന പ്രതീക്ഷയാണ് പ്രവർത്തകർ പങ്കുവെക്കുന്നത്.

അപവാദ പ്രചാരണങ്ങളിലൂടെ ഇടതുപക്ഷത്തെ നേരിടാനുള്ള എതിർ കക്ഷികളുടെ തിരഞ്ഞെടുപ്പ് തന്ത്രം ജനങ്ങൾ തള്ളി. ജില്ലയിലെ ഏക സി.പി.ഐ. സീറ്റ് നിലനിർത്തും. സംസ്ഥാന സർക്കാർ ഇടുക്കിയിൽ നടപ്പിലാക്കിയ വികസനങ്ങളും തോട്ടം തൊഴിലാളികളെ ചേർത്തുപിടിച്ചതും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പ്രതീക്ഷയുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം മുന്നണിയിലെ പ്രധാന കക്ഷികൾ നടത്തിയ അവലോകനങ്ങളിൽ നേരിയ പ്രതീക്ഷ മാത്രമാണ് പറയുന്നതെങ്കിലും അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ.

പ്രതീക്ഷയിൽ എൻ.ഡി.എ.

മണ്ഡലത്തിൽ ഇടതു, വലതു മുന്നണികളെ പിന്തള്ളി പ്രചാരണത്തിൽ അടക്കം ഒന്നാമതെത്തിയതായി എൻ.ഡി.എ. ജില്ലാ നേതൃത്വം പറയുന്നു. സ്ഥാനാർഥിയുടെ പ്രവർത്തന മികവും കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവർത്തനവും മണ്ഡലത്തിൽ എൻ.ഡി.എ.ക്ക് അനുകൂല തരംഗമുണ്ടാക്കിയെന്ന് യോഗം ചൂണ്ടിക്കാട്ടി. വേറിട്ട രീതിയിലുള്ള പ്രചാരണ രീതികളും, മണ്ഡലത്തിന്റെ വികസനസാധ്യതകൾ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണവും വോട്ടർമാരെ സ്വാധീനിച്ചു.

സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിൽ മറ്റ് രണ്ട് മുന്നണികളെക്കാളും വലിയ മുന്നേറ്റം എൻ.ഡി.എ. കാഴ്ചവെച്ചു. എന്നാൽ, രതീഷ് വരകുമലയുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് പോരായ്മയായി വിലയിരുത്തുമ്പോഴും കഴിഞ്ഞ തവണത്തേക്കാൾ മികച്ചരീതിയിൽ വോട്ടുകൾ നേടുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. പ്രവർത്തകർ.