കൊച്ചി: ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി)ന്റെ 61-ാമത് ദേശീയ സമ്മേളനം ' പെഡിക്കോണ്‍ 2024' ന് നാളെ തുടക്കമാകും. ജനുവരി 24 മുതല്‍ ജനുവരി 28 വരെ എറണാകുളം ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന ദേശീയ സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ആഗോള താപനവും കുട്ടികളുടെ ആരോഗ്യവും എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്റെ അനന്തരഫലം ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണ്. ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. നവജാതശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്ക് എങ്ങനെ കുറയ്ക്കാമെന്നും കുട്ടികളുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താമെന്നും സമ്മേളനം വിശദമായി ചര്‍ച്ചചെയ്യുമെന്ന് ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ.ജി.വി ബസവരാജ്, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഐ.എ.പി കേരള, കൊച്ചി ചാപ്റ്ററുകള്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 1963-ലായിരുന്നു ആദ്യ സമ്മേളനം. 1998- ലായിരുന്നു കേരളത്തില്‍ കൊച്ചിയില്‍ ഐ.എ.പിയുടെ ദേശീയ സമ്മേളനം നടന്നത്. കാല് നൂറ്റാണ്ടിനു ശേഷമാണ് വീണ്ടും ദേശീയ സമ്മേളനത്തിന് കേരളവും കൊച്ചിയും വേദിയാകുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏഴായിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
സമ്മേളന വേദിയായ ഗ്രാന്റ് ഹയാത്തിലെ 11 ഹാളുകളിലാണ് വേദി സജ്ജമാക്കിയിരിക്കുന്നത്. ഒരു വേദി ഹൗസ് ബോട്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 12 വേദികളില്‍ നാലു ദിവസങ്ങളിലായി ഇന്ത്യ കൂടാതെ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നടക്കം 1200-ലധികം ആരോഗ്യവിദഗ്ദര് വിവിധ വിഷയങ്ങളിലായി നടക്കുന്ന സെമിനാറിന് നേതൃത്വം നല്‍കും.
ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി പേപ്പര്‍ രഹിത സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. സമ്മേളനത്തിന്റെ നടത്തിപ്പിനായി പ്രത്യേക ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാഹന പാര്‍ക്കിങ്, വേദികള്‍, സെമിനാര്‍ വിഷയങ്ങള്‍, ഫാക്കല്റ്റികള് ഉള്‍പ്പെടെ സമ്മേളനവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഈ ആപ്പിലൂടെ പ്രതിനിധികള്‍ക്ക് ലഭിക്കും.
കൊച്ചി നഗരത്തെ ഒരു തരത്തിലും ബാധിക്കാത്തവിധത്തിലുള്ള ട്രാഫിക് ക്രമീകരണങ്ങളാണ് സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നത്. വാട്ടര്‍ മെട്രോയുമായി ചേര്‍ന്ന് ബോട്ട് മാര്‍ഗ്ഗവും, ഇ-ഓട്ടോയും വഴിയായിരിക്കും പ്രതിനിധികളെ സമ്മേളന വേദിയായ ഗ്രാന്റ് ഹയാത്തില്‍ എത്തിക്കുക. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ആപ്പില്‍ ഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിര്‍ദ്ദേശം നല്കുന്ന പ്രത്യേക സംവിധാനം തന്നെ സജ്ജമാക്കിയിട്ടുണ്ട്. മറൈന്‍ഡ്രൈവ്, ബോള്‍ഗാട്ടി പാലസ്, വല്ലാര്‍പാടം പള്ളി ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പാര്‍ക്കിങ്ങിനായി പ്രത്യേക സൗകര്യവും സജ്ജമാക്കിയിട്ടുള്ളതിനാല്‍ കൊച്ചി നഗര ഗതാഗതത്തെ ഒരു തരത്തിലും സമ്മേളനം ബാധിക്കില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.
Content Highlights: Pedicon 2024 starts tomorrow
Published: 24 Jan 2024, 06:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented