പത്തനംതിട്ട: തിങ്കളാഴ്ച അനുവിന്റെ ജന്മദിനമാണ്. ക്രിസ്തുമസും ന്യൂഇയറും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പറന്നെത്തിയവർ. എന്നാൽ ഇന്ന് നാടും വീടും അവരെ ഓർത്ത് കണ്ണീരിൽ മുങ്ങുന്ന ഹൃദയഭേദകമായ കാഴ്ച. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട നവദമ്പതിമാരും അച്ഛന്മാരും നാടിനെ ഒന്നാകെ വേദനയിലാഴ്ത്തിയാണ് മടങ്ങുന്നത്.
എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 15 ദിവസങ്ങൾക്ക് മുമ്പ് ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അനുഗ്രഹശിസ്സുകളോടെ വിവാഹം. ഒന്നിച്ചുള്ള അനുവിന്റെ പിറന്നാളും ആദ്യ ക്രിസ്മസിനുമായി ഇരു വീടുകളും ഒരുങ്ങിയിരുന്നു. നക്ഷത്രവും സ്റ്റാറുമായി സന്തോഷത്തിന്റെ നിമിഷങ്ങൾ... ഒന്നിരുട്ടി വെളുത്തപ്പോൾ തേടിയെത്തിയ ദുരന്തവാർത്തയെ എങ്ങനെ നേരിടുമെന്നറിയാതെ വീടുകളിലും ആശുപത്രിയിലും ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെ കാത്തിരിക്കുകയാണ്.

15 ദിവസങ്ങൾക്ക് മുമ്പ് വിവാഹം നടന്ന അതേ പള്ളിയിലാണ് അവസാന യാത്രയ്ക്കായി അവരെത്തുന്നത്. നാലു പേരുടെയും ഇടവക ദേവാലയം. കുട്ടിക്കാലം മുതലുള്ള ഓർമകൾ ഉറങ്ങുന്നിടം. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ഏവരുടെയും അനുഗ്രഹത്തോടെ നിഖിലിന്റെ കൈപിടിച്ച് അനു ആ ദേവാലയത്തിലായിരുന്നപ്പോൾ ഇരുവരും കുടുംബവും ഒന്നാകെ സന്തോഷകരമായ ജീവിതം ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരിക്കണം.
വിദേശത്ത് നിന്നും ബന്ധുക്കൾ എത്തിയതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുകയെന്ന് ബന്ധുക്കൾ അറിയിച്ചു. ഒരേ ദിവസം തന്നെ സംസ്കാര ശുശ്രൂഷകൾ നടത്താനാണ് ആലോചിക്കുന്നത്.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
വിവാഹശേഷം മലേഷ്യയിൽ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികൾ അപകടത്തിൽപ്പെട്ടത്. ഇരുവരേയും സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും അച്ഛന്മാരും അപകടത്തിൽ മരിച്ചു. മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജു പി ജോർജ്ജും തീരുമാനിച്ചിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട് എത്തുന്നതിന് എഴ് കിലോമീറ്റർ മുൻപ് അപകടം സംഭവിക്കുകയായിരുന്നു.
Content Highlights: pathanamthitta accident Funeral in the church where the marriage took place
Published: 15 Dec 2024, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented