തിരുവനന്തപുരം: ഡല്‍ഹി സെന്റ് മേരീസ് പള്ളിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. മതപരമായ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയത വളര്‍ത്തി എങ്ങനെയും ഭരണം നിലനിര്‍ത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി. സ്വീകരിക്കുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇന്നലെ വഖഫ് ബോര്‍ഡിനെ ഉന്നംവെച്ചവര്‍ നാളെ സഭയുടെ സ്വത്തുക്കളെ ഉന്നംവെയ്ക്കുമെന്ന് ചെന്നിത്തലയും പ്രതികരിച്ചു.
കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ സതീശന്‍, ഇത് ജനാധിപത്യ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്നും തുറന്നടിച്ചു. ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കുമെതിരേ സംഘപരിവാര്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് രാജ്യതലസ്ഥാനത്തും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ക്രൈസ്തവ ആചാരത്തിന് വിലക്കേര്‍പ്പെടുത്തിയത്. മതപരമായ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയത വളര്‍ത്തി എങ്ങനെയും ഭരണം നിലനിര്‍ത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവ വീടുകളില്‍ ഈസ്റ്ററിന് കേക്കുമായി എത്തുന്ന അതേ ബി.ജെ.പി.യും സംഘ്പരിവാറുമാണ് രാജ്യത്തുടനീളം ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. ഇതേ സംഘ്പരിവാറാണ് ജബല്‍പുരില്‍ ഉള്‍പ്പെടെ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതും. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാ അവകാശങ്ങള്‍ റദ്ദാക്കുന്ന ബി.ജെ.പി - സംഘ്പരിവാര്‍ ഭരണകൂടങ്ങളുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും സതീശന്‍ പറഞ്ഞു.
നടപടി ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖമാണ് പുറത്തുകൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തലയും തുറന്നടിച്ചു. ജബല്‍പൂരില്‍ ക്രൈസ്തവ പുരോഹിതരെ സംഘ് പരിവാര്‍ സംഘടനകള്‍ തല്ലിച്ചതച്ചതിന്റെ പിന്നാലെയാണ് ഈ പോലീസ് നടപടി. കേരളത്തില്‍ എത്തിയാല്‍ ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്രമന്ത്രിയും താന്‍ ക്രിസ്ത്യാനിയാണെന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കുന്ന കേന്ദ്രമന്ത്രിയുമൊക്കെ ബിജെപിയുടെ കപട മതേതര മുഖങ്ങളാണെന്ന് ഇന്ത്യയിലെ ക്രൈസ്തവര്‍ തിരിച്ചറിയണം. ഇന്നലെ വഖഫ് ബോര്‍ഡിനെ ഉന്നംവെച്ചവര്‍ നാളെ സഭയുടെ സ്വത്തുക്കളെ ഉന്നംവെക്കുമെന്നു മനസിലാക്കണം. ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇവര്‍ ഭിന്നിപ്പിച്ചു കീഴടക്കും എന്ന് മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സുരക്ഷാ കാരണം പറഞ്ഞ് ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കുരുത്തോല പ്രദക്ഷിണം നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിശ്ചയിച്ച സമയത്ത് പള്ളിക്കകത്തുവെച്ച് പ്രദക്ഷിണം നടത്തി. ഏഴുകിലോമീറ്റര്‍ അപ്പുറത്തുള്ള സെന്റ് മേരീസ് പള്ളിയില്‍നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് കുരിശിന്റെ വഴി നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍, സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം ഇതിന് അനുമതി നിഷേധിച്ചതായി പള്ളി അധികൃതരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഈ വിധത്തില്‍ നടന്നുവരുന്ന പ്രദക്ഷിണത്തിന് രണ്ടുവര്‍ഷം മുന്‍പും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ചിരുന്നു. നടപടി വിഷമകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പള്ളികളുടെ കൂട്ടായ്മയായ സിഎഎഡി പ്രതികരിച്ചു.
Content Highlights: palm sunday permission denied critics vd satheesan ramesh chennithala
Published: 13 Apr 2025, 06:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented