കൊച്ചി: എറണാകുളം പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര തർക്കത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ തള്ളി പിടിഎ പ്രസിഡന്റ്. ശിരോവസ്ത്രം അ‌നുവദിക്കില്ലെന്ന സ്കൂളിന്റെ നയത്തിൽ മാറ്റമില്ലെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

To advertise here,

വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ അ‌നുവദിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധവുമാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു. മതവിശ്വാസത്തിന്റെ ഭാഗമായി ശിരോവസ്ത്രം ധരിച്ച് തുടർപഠനം നടത്താൻ കുട്ടിയെ അ‌നുവദിക്കണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അ‌ധികൃതർക്ക് തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച ഇതുസംബന്ധിച്ച് സ്കൂൾ മാനേജരും പ്രിൻസിപ്പലും റിപ്പോർട്ട് നൽകാനും വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിടിഎ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

കുട്ടിയുടെ അ‌വകാശലംഘനത്തേക്കാളുപരി സ്ഥാപനത്തിന്റെ അ‌വകാശമുണ്ട്. 2018ൽ ഇതുസംബന്ധിച്ച് ഹൈക്കോടതി വിധിയുണ്ട്. അ‌തിന്റെ അ‌ടിസ്ഥാനത്തിലാണ് പ്രശ്നം പരിശോധിക്കപ്പെടേണ്ടത്. കുട്ടിയ്ക്ക് സ്കൂളിന്റെ നിയമത്തിനനുസരിച്ച് പഠനം തുടരാം. മന്ത്രിയ്ക്ക് റിപ്പോർട്ട് നൽകുന്നത് സംബന്ധിച്ച് തങ്ങൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പിടിഎ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

അ‌തിനിടെ പ്രശ്നത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അ‌ടച്ചിട്ടിരുന്ന സ്കൂൾ ഇന്ന് തുറന്നു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി സ്കൂൾ അ‌ധികൃതർ കോടതിയിൽ നിന്ന് പോലീസ് സംരക്ഷണത്തിനുള്ള അ‌നുമതിയും വാങ്ങിയിട്ടുണ്ട്.

ശിരോവസ്ത്ര തർക്കത്തിന് കാരണമെന്ത്?

ഒക്ടോബർ ഏഴിന് സ്കൂളിലെ ഒരു വിദ്യാർഥിനി യൂണിഫോമിൽ അ‌നുവദിക്കാത്ത രീതിയിൽ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. ശിരോവസ്ത്രം അ‌നുവദിക്കാനാവില്ലെന്ന് കുട്ടിയുടെ മാതാപിതാക്കളെ അ‌റിയിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ഇത് തുടരുകയായിരുന്നു. കുട്ടിയുടെ പിതാവ് മറ്റാളുകളെയും കൂട്ടിയെത്തി സ്കൂളിൽ ബഹളമുണ്ടാക്കുകയും ചെയ്തെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു.

പരിഹാര ശ്രമങ്ങൾ

തർക്കത്തെ തുടർന്ന് ഹൈബി ഈഡൻ എംപിയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഉൾപ്പെടെയുള്ളവർ ചൊവ്വാഴ്ച സ്കൂളിലെത്തി കുട്ടിയുടെ രക്ഷിതാക്കളുമായി ചർച്ച നടത്തി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ കുട്ടി ശിരോവസ്ത്രമില്ലാതെ തന്നെ സ്കൂളിൽ വരുമെന്നും പിതാവ് പറഞ്ഞിരുന്നു.

എന്നാൽ, എംപിയോ മറ്റുള്ളവരോ തങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്നും രക്ഷിതാക്കളെ ബോധവത്ക്കരിച്ചിട്ടുണ്ടാകാമെന്നുമാണ് പിടിഎ പ്രസിഡന്റ് ജോഷി ബുധനാഴ്ച രാവിലെ പ്രതികരിച്ചത്.