To advertise here,

കൊച്ചി: എറണാകുളം പള്ളുരുത്തിയിലെ സെയ്ന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സമവായം. സ്കൂളിലെ ചട്ടമനുസരിച്ച് ശിരോവസ്ത്രം ഒഴിവാക്കി എത്താമെന്ന് വിദ്യാർഥിനിയുടെ പിതാവ് സമ്മതിച്ച സാഹചര്യത്തിലാണ് തർക്കത്തിന് പരിഹാരമായത്. തർക്കത്തെ തുടർന്ന് സ്കൂൾ അ‌ടച്ചിരിക്കുകയായിരുന്നു. മാനേജ്മെന്റ് ഹൈക്കോടതിയിൽ നിന്നും പോലീസ് സംരക്ഷണത്തിനുള്ള അ‌നുമതിയും വാങ്ങിയിരുന്നു.

ഒക്ടോബർ ഏഴിന് സ്കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അ‌നുവദിക്കാത്ത രീതിയിൽ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. ശിരോവസ്ത്രം അ‌നുവദിക്കാനാവില്ലെന്ന് കുട്ടിയുടെ മാതാപിതാക്കളെ അ‌റിയിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ഇത് തുടരുകയായിരുന്നു. കുട്ടിയുടെ പിതാവ് മറ്റാളുകളെയും കൂട്ടിയെത്തി സ്കൂളിൽ ബഹളമുണ്ടാക്കുകയും ചെയ്തെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു.

ജനപ്രതിനിധികൾ സ്കൂൾ അ‌ധികൃതരുമായും വിദ്യാർഥിയുടെ രക്ഷാകർത്താക്കളുമായും നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമുണ്ടായിരിക്കുന്നത്. യൂണിഫോമുമായി ബന്ധപ്പെട്ട തർക്കം മറ്റുതരത്തിലേക്കുള്ള ചർച്ചയിലേക്ക് പോകാതിരിക്കാൻ മാനേജ്മെന്റിന്റെ തീരുമാനം അ‌ംഗീകരിക്കുന്നെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

യൂണിഫോമിന്റെ പേരിൽ ചിലർ വർഗീയ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അ‌വർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ചർച്ചയ്ക്കെത്തിയ ഹൈബി ഈഡൻ എംപി പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.ബാബു എംഎൽഎ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

സംഭവത്തിൽ സർക്കാരും റിപ്പോർട്ട് തേടിയിട്ടുണ്ട്. എഇഒ സ്കൂളിലെത്തി അ‌ധികൃതരുടെയും കുട്ടിയുടെ രക്ഷാകർത്താവിന്റെയും മൊഴിയെടുത്തിട്ടുണ്ട്.