പാലക്കാട്: നാട്ടുകല്ലില്‍ പതിനാലുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂളിനെതിരേ ആരോപണവുമായി ബന്ധുക്കള്‍. ഒന്‍പതാം ക്ലാസുകാരി ആശിര്‍നന്ദ തൂങ്ങിമരിക്കാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനം ആണെന്നാണ് ആരോപണം. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ആശിര്‍നന്ദയുടെ മരണത്തിൽ പ്രതിഷേധം ശക്തമായി.

To advertise here,

ഈ സ്‌കൂളില്‍ 9,10 ക്ലാസുകളില്‍ അധ്യയനവര്‍ഷം ആരംഭിച്ച് ആദ്യ മൂന്നുമാസത്തിനു ശേഷം ക്ലാസ് പരീക്ഷ നടത്തുന്ന പതിവുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഈ പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ മൂന്നു ഡിവിഷനുകളിലാക്കി തിരിക്കുന്നത്. ഇങ്ങനെ ക്ലാസ് മാറ്റിയതില്‍ ആശിര്‍നന്ദയ്ക്ക് മാനസിക വിഷമമുണ്ടായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ക്ലാസ് തുടങ്ങി രണ്ടുമാസത്തിനിടെ നാല് പരീക്ഷകള്‍ നടന്നുവെന്നും ഇതിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ മൂന്നോ നാലോ തവണ തരംതിരിച്ചിരുത്തിയെന്നും മറ്റൊരു രക്ഷിതാവ് മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. അതേസമയം, മാര്‍ക്ക് മാത്രമല്ല പല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിവിഷന്‍ തിരിക്കാറെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

കുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ അധ്യാപകരും രക്ഷിതാക്കളും പോലീസും ചേര്‍ന്ന് സ്‌കൂളില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിനിടെ വലിയ പ്രതിഷേധമുണ്ടായി. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പിടിഎ യോഗം വിളിച്ചുചേര്‍ക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു.

ശക്തമായ നടപടി ഉണ്ടാകണം

വിദ്യാർത്ഥിനിയെ അത്മഹത്യ ചെയ്‌തനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ ഉണ്ടാകണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. പോലീസ് അന്വേഷണം നടക്കുകയാണ്. നിയമപരമായി ശക്തമായ നടപടികൾ ഉണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന സ്കൂൾ അല്ലെങ്കിലും കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഎസ്ഇ നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ നടപടികൾ ഉണ്ടാകണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)