പാലക്കാട്: തിരഞ്ഞെടുപ്പിന്റെ ആവേശം കൊട്ടിക്കയറുന്നതിനിടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയ  വോട്ടിന് കോഴ ആരോപണത്തിൽ പുതിയ തെളിവുകളുമായി കോൺഗ്രസ്. തന്റെ വാഹനത്തിൽ താനും പ്രമീള ശശിധരനും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്ന ശോഭയുടെ വാദങ്ങളെ പൊളിക്കുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തിന്റെ പിൻഭാഗത്ത് ഒരു സ്ത്രീ ഇരിക്കുന്നതും അവർ പുറത്തേക്ക് വരാൻ ശ്രമിക്കുമ്പോൾ ശോഭാ സുരേന്ദ്രൻ വേഗത്തിൽ ഡോർ അടയ്ക്കുന്നതുമായ സ്ക്രീൻഷോട്ടുകൾ കോൺഗ്രസ് പുറത്തുവിട്ടു.

To advertise here,

ശോഭയുടെ വാഹനത്തിൽ ഉണ്ടായിരുന്ന ആ 'അജ്ഞാത സ്ത്രീ' മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിമി സജീവ് എന്ന ബിജെപി പ്രവർത്തകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ശോഭയുടെ വാഹനം തടഞ്ഞ സമയത്ത് ഈ സ്ത്രീ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നും അവർ പുറത്തിറങ്ങുന്നത് തടയാൻ ശോഭ ബോധപൂർവ്വം ശ്രമിച്ചുവെന്നുമാണ് കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ഈ ദൃശ്യങ്ങൾ പണമിടപാട് സംബന്ധിച്ച ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണെന്ന് അവർ അവകാശപ്പെടുന്നു.

സിമി സജീവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലക്കാട് ക്യാമ്പ് ചെയ്ത് ബിജെപിയുടെ പ്രചാരണ പരിപാടികളിൽ സജീവമായിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ ചിത്രങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുത്ത കണ്ണാടിയിലെ പരിപാടിയിലും ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിലും ഇവർ പങ്കെടുത്തിരുന്നതായ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.

പരാതി ഉയർന്നതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിങ് സ്ക്വാഡ് പണം നൽകിയെന്ന് ആരോപിക്കപ്പെട്ട വയോധികയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, തനിക്ക് ആരും പണം നൽകിയിട്ടില്ലെന്നാണ് വയോധിക ഫ്ലയിങ് സ്ക്വാഡിന് നൽകിയ പ്രാഥമിക മൊഴി. എങ്കിലും വീട്ടിൽ നടത്തിയ പ്രാഥമിക തെളിവെടുപ്പിന് ശേഷം ഫ്ലയിങ് സ്ക്വാഡ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അതേസമയം, കോൺഗ്രസ് പ്രവർത്തകർ തന്നോട് മോശമായി പെരുമാറിയെന്ന് കാട്ടി പോലീസിൽ പരാതി നൽകാൻ ശോഭാ സുരേന്ദ്രൻ തീരുമാനിച്ചു. ബിജെപിയെ വേട്ടയാടാനുള്ള തിരക്കഥയുടെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും തന്റെ വാഹനത്തിൽ അനാവശ്യമായി ആരും ഉണ്ടായിരുന്നില്ലെന്നുമാണ് ശോഭയുടെ നിലപാട്. എന്നാൽ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നോ എന്ന കാര്യത്തിൽ ഗൗരവകരമായ അന്വേഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

സംഭവത്തിൽ ജില്ലാ കളക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. വരും മണിക്കൂറുകളിൽ കളക്ടർ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.