
പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്സ് സ്കൂളിന് ഹെഡ്ഗേവാറിന്റെ പേര് നൽകിയതിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബഡ്സ് സ്കൂളിന്റെ തറക്കല്ലിടൽ ചടങ്ങിനിടെയായായിരുന്നു പ്രതിഷേധം. തറക്കല്ലിട്ടസ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴനട്ടു. ശിലാഫലകം തകർത്തിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കുള്ള പദ്ധതി സ്വാഗതാർഹമാണെന്നും എന്നാൽ, ഇവിടെ ബിജെപി രാഷ്ട്രീയമാണ് കളിച്ചതെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ആർഎസ്എസ് സ്ഥാപകന്റെ പേരിട്ടത് വളരെ മോശമാണ്. നിയമപ്രകാരം തെറ്റാണ്. കൗൺസിലിൽ ചർച്ചയ്ക്ക് വെക്കാതെയാണ് പേര് നൽകിയിരിക്കുന്നത്. പാലക്കാട് നഗരസഭാ സെക്രട്ടറി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. വ്യാഴാഴ്ച വൈകിട്ടാണ് പേര് തീരുമാനിച്ചതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
പ്രതിഷേധം അവസാനിക്കുന്നില്ലെന്നും തുടരുമെന്നും ഡിവൈഎഫ്ഐയും അറിയിച്ചു. ബിജെപി ഭരിക്കുന്ന നഗരസഭ ആർഎസ്എസ് വത്കരിക്കാനുള്ള ബിജെപി ശ്രമത്തെ എന്തുവിലകൊടുത്തും ഡിവൈഎഫ്ഐ നേരിടും. കോൺഗ്രസിന്റെകൂടി ഒത്താശ ഇതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കണം. ആർഎസ്എസ് ആയി ജീവിച്ച് ആർഎസ്എസ് ആയി മരിച്ച, രാജ്യത്തിനുവേണ്ടി ഒരു സംഭാവനയും ചെയ്യാത്ത, രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച ഒരു മനുഷ്യന്റെ പേരിൽ ഒരു സ്മാരകം നിർമ്മിക്കുന്നത് എന്തിനാണെന്ന് ബിജെപി വ്യക്തമാക്കുണം. ഇത് എന്ത് വിലകൊടുത്തും നേരിടുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
ഹെഡ്ഗെവാറിന്റെ പേരിടുന്നത് രാഷ്ട്രീയ വിഷയമല്ലെന്ന് ബിജെപി പറയുന്നു. നിരവധി രാഷ്ട്രീയക്കാർക്ക് പ്രചോദനമായ വ്യക്തി എന്ന നിലയിലാണ് ഹെഡ്ഗെവാറിന്റെ പേരിടുന്നതെന്നും ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കുന്നു. പ്രതിഷേധങ്ങൾക്കിടെ ഭരണസമിതി അംഗങ്ങൾ ഉദ്ഘാടനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ചനിലപാടിലാണ്. നാമകരണത്തിൽനിന്ന് പിന്തിരിയില്ലെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം ഉണ്ട്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Content Highlights: palakkad buds school hedgewar name
Published: 11 Apr 2025, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented