പാലാ: പാലാ നഗരസഭാ സ്റ്റേഡിയം നവീകരണത്തിന്റെ ഉദ്ഘാടന ചടങ്ങ് ജോസ് കെ.മാണിയും മാണി സി.കാപ്പൻ എംഎൽഎയും തമ്മിൽ വാക്പോരിന് വേദിയായി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണ നിർമാണോദ്ഘാടനച്ചടങ്ങിലാണ് സ്റ്റേഡിയം നവീകരണത്തിന്റെ അവകാശവാദവമായി ഇരുവരും രംഗത്തെത്തിയത്.

To advertise here,

താനും പാലാ നഗരസഭാ ചെയർമാനും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നവീകരണത്തിന് ബജറ്റിൽ തുക അനുവദിച്ചതെന്ന് ജോസ് കെ.മാണി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. പ്രസംഗത്തിനിടയിൽ കെ.എം. മാണി സ്റ്റേഡിയമെന്നും ജോസ് കെ.മാണി പരാമർശിച്ചു. അധ്യക്ഷപ്രസംഗം നടത്തിയ മാണി സി.കാപ്പൻ ജോസ് കെ.മാണിയുടെ പരാമർശത്തെ എതിർത്തു. ബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രിക്ക് എംഎൽഎ എന്ന നിലയിൽ താൻ നൽകിയ നിർദേശങ്ങൾ പരിഗണിച്ചാണ് നവീകരണത്തിന് തുക അനുവദിച്ചതെന്നും എല്ലാവർക്കും അറിയാമെന്നും ഇതുസംബന്ധിച്ച് തെറ്റിധാരണകൾ പരക്കുന്നതായും കാപ്പൻ പറഞ്ഞു. നഗരസഭാ സ്റ്റേഡിയത്തിന് കെ.എം മാണി സ്റ്റേഡിയമെന്ന് പേരുള്ളതായി അറിയില്ല. പാലാ ജനറലാശുപത്രിക്ക് തുക അനുവദിച്ചപ്പോൾ കെ.എം മാണി സ്മാരക ആശുപത്രി എന്ന് പരാമർശിച്ചാണ് താൻ തുക അനുവദിച്ചതെന്നും കാപ്പൻ മറുപടിയായി പറഞ്ഞു. സ്റ്റേഡിയം നവീകരിക്കുന്നതിന് തുക അനുവദിച്ചതിനെച്ചൊല്ലിയുള്ള അവകാശവാദങ്ങളുമായി ഇരുപക്ഷവും ദിവസങ്ങളായി രംഗത്തുണ്ടായിരുന്നു.