തിരുവനന്തപുരം: ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യായിരുന്ന എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിൽ സസ്പെൻഷനിലായ പി. വിജയൻ, അദ്ദേഹത്തിന്റെ സ്ഥാനചലനത്തിനു പിന്നാലെ പോലീസിലെ പ്രധാനപദവിയിൽ. വിവാദങ്ങൾക്ക് പിന്നാലെ എം.ആർ. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് മാറ്റി ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമിനെ പകരം നിയമിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അക്കാദമിയിൽനിന്ന് പി. വിജയൻ ഇന്റലിജൻസ് തലപ്പത്ത് എത്തുന്നത്.
സംസ്ഥാന പോലീസ് നടപ്പാക്കിയ ഒട്ടേറെ പദ്ധതികളുടെ ശില്പിയാണ് പി. വിജയൻ. കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരിക്കേ തുടക്കമിട്ട ‘ജനകീയം-2006’ പദ്ധതിയാണ് പിന്നീട് സംസ്ഥാനതലത്തിൽ അംഗീകാരംനേടിയ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയായി മാറിയത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുകയും മയക്കുമരുന്നിന് അടിമപ്പെടുകയുംചെയ്ത കുട്ടികളെ പുനരധിവസിപ്പിക്കുന്ന ‘ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ’ പദ്ധതി, ഷാഡോ പോലീസ്, പിങ്ക് ഓട്ടോ എന്നിവയും വിജയന്റെ മുൻകൈയിൽ തുടങ്ങിയവയാണ്.
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ നോഡൽ ഓഫീസറായും പി. വിജയൻ ശ്രദ്ധേയനായി. കോഴിക്കോട് സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും എം.ഫിലുംനേടിയ വിജയൻ കോഴിക്കോട് പുത്തൂർമഠം സ്വദേശിയാണ്. ഐ.എ.എസ്. ഉദ്യോഗസ്ഥ ഡോ. എം. ബീനയാണ് ഭാര്യ.
Content Highlights: P Vijayan is the new ADGP Intelligence
Published: 09 Oct 2024, 06:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented