കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ അനുനയനീക്കവുമായി സിപിഎം നേതാവ് പി. ജയരാജൻ. പാർട്ടിയിലെ വി. കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ വീടുകളിൽ പി. ജയരാജൻ സന്ദർശനം നടത്തി. വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പി. ജയരാജൻ സന്ദർശനം നടത്തിയതെന്നാണ് സൂചന.

To advertise here,

നേരത്തേ 2022-ൽ വി. കുഞ്ഞികൃഷ്ണൻ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും പി. ജയരാജനാണ് അനുനയനീക്കത്തിനായി എത്തിയിരുന്നത്. കുഞ്ഞികൃഷ്ണനുമായി ഏറ്റവും അടുത്തബന്ധമുള്ള നേതാവ് കൂടിയാണ് പി. ജയരാജൻ.

കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ കാര്യം ചൊവ്വാഴ്ച സിപിഎം ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട്‌ചെയ്തിരുന്നു. ഇതിനുശേഷം ലോക്കൽ കമ്മിറ്റികളിലും യോഗംചേർന്നു. ഇതിൽ വെള്ളൂർ ലോക്കൽ കമ്മിറ്റിയിലാണ് ജയരാജനെത്തിയത്. അതിനുശേഷമാണ് ജയരാജൻ കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ വീടുകളിൽ സന്ദർശനം നടത്തിയത്. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് ബൈക്ക് നശിപ്പിക്കപ്പെട്ടയാളുടെ വീട്ടിലും ജയരാജനെത്തി. ഇതിനുപുറമേ വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി. നാരായണന്റെ വീട്ടിലും പ്രദേശത്തെ മുതിർന്ന സിപിഎം പ്രവർത്തകരുടെ വീടുകളിലും ജയരാജൻ സന്ദർശനം നടത്തി.

പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടിലടക്കം ക്രമക്കേട് നടന്നതായും പണം അപഹരിച്ചതായും ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.