കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി. ജയരാജൻ. വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാല് വെച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കുന്നത്. അദ്ദേഹം നവോത്ഥാന സമിതി അധ്യക്ഷനായിരിക്കുമ്പോൾ മകൻ സംഘപരിവാറിനൊപ്പമാണ്. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് എസ്എൻഡിപിയുടെ തലപ്പത്തുള്ളവർ സ്വീകരിക്കുന്നതെന്നും ജയരാജൻ വിമർശിച്ചു.
‘എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ ചെയ്യുന്ന കൃത്യം നമ്മൾ ചരിത്രത്തിലൂടെ നോക്കുന്ന അവസരത്തിൽ, രണ്ട് തോണിയിൽ കാലുവെച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് കാണാൻ കഴിയും. അദ്ദേഹം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ്. കേരളത്തിലെ അന്നത്തെ സർക്കാർ രൂപവത്കരിച്ച നവോത്ഥാന സമിതിയുടെ നായകസ്ഥാനത്തുവരിക. എന്നാൽ, മകനെ ബിഡിജെഎസ്സിന്റെ ജനറൽ സെക്രട്ടറിയാക്കുക. ബിഡിജെഎസ് സംഘപരിവാർ ശക്തികളുടെ കൂടെയാണ്. അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശൻ ബിജെപി സ്ഥാനാർഥികളെ വെള്ളപൂശാൻ നടക്കുന്നു. ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണം എന്നാണ് പറയാനുള്ളത്’, ജയരാജൻ പറഞ്ഞു.
ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഇന്നത്തെ തലപ്പത്തുള്ളവർ ശ്രീനാരായണ ദർശനത്തിന് എതിരായിട്ടുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും ജയരാജൻ വിമർശിച്ചു. വെള്ളാപ്പള്ളി വിഷയത്തിൽ സ്വീകരിച്ച സമീപനത്തിൽ വീഴ്ചസംഭവിച്ചുവെന്ന് സിപിഎം റിപ്പോർട്ടിന് പിന്നാലെയാണ് ജയരാജന്റെ വിമർശനം. തിരഞ്ഞെടുപ്പിന് മുൻപ് വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ രൂക്ഷമായി വിമർശിക്കാൻ സിപിഎം നേതാക്കൾ തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്വാധീനിച്ചതായാണ് പാർട്ടി വിലയിരുത്തൽ.
വർഗീയപരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് വീഴ്ചതന്നെയായിരുന്നുവെന്നാണ് സിപിഎം റിപ്പോർട്ട്. ഈ നടപടി ഇടതുപക്ഷത്തുള്ളവർക്കു പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു.
Content Highlights: P. Jayarajan accuses Vellappally Natesan of maintaining a dual political stance., Criticism regarding the involvement of Natesan's family with the Sangh Parivar/BJP., CPM internal report admits failure in addressing Vellappally's communal remarks before elections., Allegation that SNDP leadership acts against Sree Narayana Dharma.
Published: 09 Jun 2026, 04:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented