ഗുരുവായൂർ: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷനേതാവ് ഇതുവരെയും തെളിവ് ഹാജരാക്കിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിക്കുന്നത് അദ്ദേഹത്തിന് കോടതി നടപടികളെക്കുറിച്ച് അറിയാത്തതുകൊണ്ടാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  ഇഷ്ടമുള്ളപ്പോൾ പോയി തെളിവ് നൽകാൻ സാധിക്കുന്ന സ്ഥലമല്ല കോടതിയെന്നും നിരവധി തവണ എംഎൽഎയും മന്ത്രിയുമൊക്കെ ആയിരുന്ന കടകംപള്ളിക്ക് ഇതിനെക്കുറിച്ച് അറിയാത്തത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

To advertise here,

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെയും ക്രൈംബ്രാഞ്ചിലെ ഉന്നതന്റെയും അറിവോടെ സിപിഎമ്മുകാരായ രണ്ടുപേരെ എസ്‌ഐടിയിൽ നിയമിച്ചത് ഹൈക്കോടതി പരിശോധിക്കണമെന്നും സത്യസന്ധമായി ജോലി ചെയ്യാൻ എസ്‌ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചിട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നെന്ന വാർത്ത ആരാണ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ശ്രമിക്കുന്നത് സിപിഎം നേതാക്കൾ സ്വർണം കവർന്നത് ബാലൻസ് ചെയ്യാനാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷനേതാവിന്റെ വാക്കുകൾ;

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സിപിഎം നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും വൈകിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷം പറഞ്ഞത് പിന്നീട് കോടതിയും ശരിവെച്ചു. വളരെ രഹസ്യമായാണ് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത്. എന്തിനു വേണ്ടിയായിരുന്നു ഈ രഹസ്യസ്വഭാവം. ഇവരെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടവരും നിയമത്തിന് മുന്നിൽ വരണ്ടേവരുമാണ്.

ഇതുവരെ തെളിവ് ഹാജരാക്കിയില്ലെന്ന വെല്ലുവിളി കടകംപള്ളി ഇന്നലെയും എനിക്കെതിരെ ഉയർത്തി. നിരവധി തവണ എംഎൽഎയും മന്ത്രിയുമായിരുന്ന കടകംപള്ളി സുരേന്ദ്രന് സിവിൽ കോടതിയുടെ നടപടിക്രമം പോലും അറിയില്ലേ? ഇഷ്ടമുള്ളപ്പോൾ കോടതിയിൽ കൊണ്ടു പോയി തെളിവ് നൽകാനാകുമോ? പറയാൻ ഒന്നും ഇല്ലാത്തതുകൊണ്ട് വെറുതെ ഓരോന്ന് പറയുകയാണ്. കോടതിയുടെ നടപടിക്രമം അറിയില്ലെന്നു പറയുന്നത് നാണക്കേടാണ്.

അയ്യപ്പന്റെ സ്വർണം കവർന്നതിന്റെ പേരിൽ ജയിലിലായ സിപിഎം നേതാക്കളെയെല്ലാം സംരക്ഷിക്കുകയാണ്. അതിന് സർക്കാരും കുടപിടിക്കുകയാണ്. എസ്‌ഐടിയിൽ രണ്ട് ഉദ്യോഗസ്ഥരെ പുതുതായി നിയമിച്ച നടപടി കോടതി ഒന്നുകൂടി പരിശോധിക്കണം. രണ്ട് ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തുള്ള കടുത്ത സിപിഎമ്മുകാരനായ ഉദ്യോഗസ്ഥന്റെയും അറിവോടെയാണ് സിപിഎം പക്ഷപാതികളായ രണ്ട് ഉദ്യോഗസ്ഥരെ എസ്‌ഐടിയിൽ നിയമിച്ചത്.

എസ്‌ഐടിയിൽ നടക്കുന്ന നപടികൾ പുറത്തേക്ക് ചോർത്താനാണ് ഇവരെ നിയമിച്ചത്. കടുത്ത സിപിഎം പക്ഷപാതികളായ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തിലാണ് എല്ലാ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം എസ്‌ഐടിക്ക് മുകളിലുമുണ്ട്.

ശബരിമലയിൽ കൊള്ള നടന്നപ്പോൾ അടൂർ പ്രകാശ് മന്ത്രിയായിരുന്നോ? ആരാണ് പറഞ്ഞത് അടൂർ പ്രകാശിനെതിരെ അന്വേഷണമുണ്ടെന്ന്? കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് രഹസ്യമാക്കി വച്ചിട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നു എന്ന വാർത്ത ആരാണ് നൽകിയത്? തെളിവോ മൊഴിയോ എടുക്കാൻ പോലീസ് വിളിച്ചാൽ പോകും. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ സിപിഎം നേതാക്കൾ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളുമായിരിക്കുമ്പോൾ അവിടെ ഏത് കോൺഗ്രസുകാരനാണ് കൊള്ളയിൽ പങ്കുണ്ടാകുക. സ്വർണം കവർന്നത് സിപിഎം നേതാക്കളാണ്. അത് ബാലൻസ് ചെയ്യാനാണ് ശ്രമിക്കുന്നത്.

കോടതി നിയമിച്ച എസ്‌ഐടിയെ സത്യസന്ധമായി ജോലി ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ല. ഒരു സമ്മർദ്ദത്തിനും വഴിപ്പെടാതെ എസ്‌ഐടി അന്വേഷണത്തിന് തയാറാകണം. സിപിഎം നേതൃത്വത്തിന്റെ അറിവോടെ കൊള്ള നടത്തിയതുകൊണ്ടാണ് ജയിലിലായവരെ എം.വി. ഗോവിന്ദനും പിണറായി വിജയനും ഇപ്പോഴും സംരക്ഷിക്കുന്നത്. ശബരിമലയിലെ കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.

2019-ൽ കൊള്ള നടത്തിയത് ആരും അറിയാത്തതു കൊണ്ടാണ് 2024-ൽ വീണ്ടും കൊള്ളയ്ക്ക് ശ്രമിച്ചത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ അടിച്ചു മാറ്റിയേനെ. കളവുകളുടെ പരമ്പരയാണ് സിപിഎം നേതാക്കളുടെ അറിവോടെ ശബരിമലയിൽ നടന്നത്. എം.വി. ഗേവിന്ദൻ പറയുന്നതിൽ എന്തെങ്കിലും പുലബന്ധമുണ്ടോ? ഇത്രയും നേതാക്കൾ സ്വർണക്കൊള്ളയിൽ ജയിലിൽ കിടക്കുമ്പോൾ ഗോവിന്ദൻ മാഷ് പറയുന്നതിന്റെ കണക്ഷൻ വിട്ടുപോകുകയാണ്. പ്രതിപക്ഷം എസ്‌ഐടിയെ തടയുന്നു എന്നാണ് എം.വി. ഗോവിന്ദൻ പറയുന്നത്. എസ്‌ഐടിയെയും തടയുന്ന എത്ര കരുത്തുറ്റ പ്രതിപക്ഷമാണ്!

മറ്റത്തൂരിലെ ഒരു കോൺഗ്രസ് അംഗങ്ങളും ബിജെപിയിൽ ചേർന്നിട്ടില്ല. എട്ട് കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ ചേർന്നെന്നത് തെറ്റായ വാർത്തയായിരുന്നു. അവർ ഒരു സ്വതന്ത്രയെ പിന്തുണച്ചപ്പോൾ ബിജെപി കൂടി അവരെ പിന്തുണച്ചു. അതാണ് പാർട്ടി നിലപാടിന് എതിരായത്. അതിനാണ് നടപടി എടുത്തത്. പ്രദേശിക വാശിയായിരുന്നു അവിടുത്തെ പ്രശ്നം. ബന്ധം വിച്ഛേദിച്ചാൽ അവർക്ക് എതിരായ നടപടി സ്വീകരിക്കും.

കേരളം മുഴുവൻ യുഡിഎഫിന് ഒറ്റനിലപാടാണ്. ബിജെപിയും എസ്ഡിപിഐയും വോട്ട് ചെയ്തതിന്റെ പേരിൽ എത്രയോ പഞ്ചായത്തുകളിൽ രാജിവച്ചു. മറ്റത്തൂരിലെ കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ പോയെന്നു പറഞ്ഞത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണ്. അടുത്തിടെയായി കാള പെറ്റെന്നു കേൾക്കുമ്പോൾ തന്നെ മുഖ്യമന്ത്രി കയറെടുക്കുന്നുണ്ട്. കർണാടക സംഭവത്തിലും മറ്റത്തൂരിലും മുഖ്യമന്ത്രി കയറെടുത്തു. മുഖ്യമന്ത്രിയായി ഇരിക്കുന്ന ആൾ കാള പെറ്റെന്ന് കേട്ട് കയറെടുക്കരുത്.