തൃശ്ശൂർ: ഛത്തീസ്ഗഢിൽ രണ്ടു മലയാളികന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി മൗനമവലംബിച്ചതിൽ സഭാപ്രവർത്തകർക്കിടയിൽ നീരസം. ബിജെപി സ്ഥാനാർഥിയായിട്ടുപോലും വിശ്വാസികളുടെ വോട്ട് ഭേദപ്പെട്ടനിലയിൽ ലഭിച്ചയാളെന്നനിലയിലുള്ള ക്രിയാത്മക പ്രതികരണം മന്ത്രിയിൽനിന്നുണ്ടായില്ലെന്നാണ് വിമർശനം.

To advertise here,

അതേസമയം, ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് സഭാനേതൃത്വം തയ്യാറായിട്ടില്ല. ‌ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വന്നുകണ്ടതിനുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ സിബിസിഐ അധ്യക്ഷൻ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, എംപിയെയും മന്ത്രിയെയും ഫോണിൽ വിവരം ധരിപ്പിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി വിളിച്ചിരുന്നോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടിപറഞ്ഞില്ല.‌

സുരേഷ് ഗോപിയുടെ നിലപാടിൽ കടുത്ത വിമർശനമാണ് വിശ്വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും മറ്റും ഉയരുന്നത്. അതേസമയം, പരസ്യമായ പ്രതികരണത്തിലല്ല, ആവശ്യമായ ഇടപെടലിലാണ് മന്ത്രി വിശ്വസിക്കുന്നതെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നു. വിഷയം അറിഞ്ഞപ്പോൾത്തന്നെ പ്രധാനമന്ത്രിയുടെയും മറ്റും ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമമുണ്ടായെന്നും അക്കാര്യം സഭാനേതൃത്വത്തിന് അറിയാമെന്നുമാണ് വാദം.