കല്പറ്റ: മൈതാനത്ത് നിരത്തിവെച്ച ഹർഡിലുകൾ കണ്ടപ്പോൾ സിസ്റ്റർ സബീന പഴയ കൗമാരക്കാരിയായ കായികതാരമായി. കന്യാസ്ത്രീവേഷത്തിൽ പാദരക്ഷകളിടാതെ കുതിച്ച് അവർ ഹർഡിലുകൾ ചാടിക്കടന്നപ്പോൾ മൈതാനമാകെ ആവേശത്തിലായി. ‘സിസ്റ്ററേ......കൺഗ്രാജുലേഷൻസ്’ ഒന്നാമതായി ഫിനിഷുചെയ്ത സബീനയെ അഭിനന്ദിക്കാൻ ചുറ്റുംകൂടിയവർ ഓടിയെത്തി.

To advertise here,

പഴയ കായികതാരമാണെങ്കിലും വർഷങ്ങൾക്കുശേഷമാണ് സിസ്റ്റർ മത്സരത്തിനായി ട്രാക്കിലിറങ്ങുന്നത്. 55-നു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റർ സബീന മത്സരിച്ചത്. ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയാണ്.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ ദേശീയ മത്സരത്തിൽ പങ്കെടുത്തു. കോളേജ് പഠനകാലത്ത് ഇന്റർവാഴ്സിറ്റി മത്സരങ്ങളിലടക്കം മിന്നുംതാരമായി. പിന്നീട് കായികാധ്യാപികയുമായി. അധ്യാപികയായശേഷം മത്സരങ്ങളിലൊന്നും അധികം പങ്കെടുത്തില്ല. അടുത്ത വർഷം മാർച്ചിൽ കായികാധ്യാപികയുടെ ജോലിയിൽനിന്ന്‌ വിരമിക്കുകയാണ്. വിരമിക്കുന്നതിനുമുൻപ് മത്സരത്തിൽ പങ്കെടുക്കണമെന്നുതോന്നി, അങ്ങനെയാണ് സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ എത്തുന്നത്-സിസ്റ്റർ പറഞ്ഞു. ആ വരവ് വെറുതേയായില്ല മാസ്റ്റേഴ്സ്‌ മീറ്റിലെ ആദ്യമത്സരത്തിൽത്തന്നെ അവർ സ്വർണമെഡലും നേടി. കാസർകോട് എണ്ണപ്പാറ ഇടവകാംഗമാണ് സിസ്റ്റർ സബീന. 1993-ലാണ് വയനാട്ടിലെത്തുന്നത്. ഇപ്പോൾ ദ്വാരക പ്രൊവിൻഷ്യൽ ഹൗസിലെ ആരാധനാമഠത്തിലെ അംഗമാണ്. ബുധനാഴ്ച ഹാർമർത്രോയിലും പങ്കെടുക്കുന്നുണ്ട്.