എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവെച്ച ഐക്യനിർദേശം ആദ്യം സ്വാഗതംചെയ്ത എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ കഴിഞ്ഞദിവസം നിലപാട് മാറ്റി. എസ്.എൻ.ഡി.പി. യോഗത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു തോന്നിയതിനാലാണു പിന്മാറ്റമെന്ന് സുകുമാരൻനായർ വിശദീകരിക്കുന്നു. ഐക്യനീക്കത്തിനു പിന്നാലെ വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ പുരസ്കാരം ലഭിക്കുമ്പോൾ സംശയം തോന്നാതിരിക്കുന്നതെങ്ങനെയെന്നും സുകുമാരൻനായർ ചോദിക്കുന്നു.

To advertise here,

#എസ്.എൻ.ഡി.പി.-എൻ.എസ്.എസ്. ഐക്യവുമായി മുന്നോട്ടുപോകുന്നില്ലെന്ന് പെട്ടെന്ന് നിശ്ചയിക്കാൻ കാരണമെന്താണ്?

ഐക്യത്തെപ്പറ്റി സംസാരിക്കാൻ എസ്.എൻ.ഡി.പി. യോഗത്തിന്റെ ജനറൽ സെക്രട്ടറിയുടെ മകനെ വിടുമെന്നാണല്ലോ പറഞ്ഞത്. അദ്ദേഹം എൻ.ഡി.എ. മുന്നണിയുടെ കേരളത്തിലെ ചുമതലക്കാരനാണ്. ഞങ്ങൾക്ക് ഇതിൽ രാഷ്ട്രീയമില്ല. അതിനാൽ വിടേണ്ടത് രാഷ്ട്രീയചുമതല വഹിക്കുന്ന ആളിനെ അല്ലല്ലോ. അപ്പോൾ അതിൽ അടിയൊഴുക്കുണ്ടെന്നു തോന്നി.

#ഈ നീക്കത്തെ താങ്കൾ ആദ്യം സ്വാഗതംചെയ്തിരുന്നല്ലോ. പിന്നീടാണ് തീരുമാനം മാറിയത്. അതുകൊണ്ടാണ് വ്യക്തത തേടിയത്?

അതെ, ആദ്യം സ്വാഗതംചെയ്തിരുന്നു. എന്നാൽ, ഞാൻതന്നെ അത് വിശകലനംചെയ്തപ്പോഴാണ് അവർ ബി.ജെ.പി.യുമായി ചേർന്നുനടത്തുന്ന നീക്കമായി തോന്നിയത്. എൻ.എസ്.എസിന് സമദൂരമാണ്. അത് തെറ്റിച്ച് ഒരു പോക്കുമില്ല. അതിനാൽ ഞാൻതന്നെ ഡയറക്ടർ ബോർഡ് യോഗത്തെ ഈ അഭിപ്രായം അറിയിക്കുകയും അവർ അംഗീകരിക്കുകയുംചെയ്തു.

#വെള്ളാപ്പള്ളി നടേശൻതന്നെ ചർച്ചയ്ക്ക് വരേണ്ടതായിരുന്നു എന്നാണോ ഉദ്ദേശിക്കുന്നത്?

ജനറൽ സെക്രട്ടറിതന്നെയാണോ വരേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവരാണ്. ആശയം അവരുടേതാണല്ലോ. രണ്ട് പ്രബല ഹൈന്ദവസംഘടനകൾ എന്നനിലയിൽ സ്വാഗതംചെയ്തു. യോജിക്കാവുന്ന മേഖലകളിൽ യോജിക്കാം. എൻ.എസ്.എസിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടംവരാത്തവിധം യോജിക്കാം എന്നാണു കരുതിയത്. വാർത്തകൾവഴി അറിഞ്ഞതുപ്രകാരമാണ് അങ്ങനെ ഞാൻ പ്രതികരിച്ചത്. 21-ന് യോഗം ചേരും എന്നും അവർ പറഞ്ഞു. 21-ന് യോഗം ചേർന്നു. എന്നിട്ട് ഒത്തുതീർപ്പിന് നമ്മളുമായി സംസാരിക്കാൻ വിടുന്നത് ബി.ജെ.പി. മുന്നണിയുടെ നേതാവിനെയാണ്. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം (പദ്മഭൂഷൺ) അദ്ദേഹത്തിന് കിട്ടുന്നു. അത്ര ശുദ്ധമല്ല ഇടപെടൽ എന്നു തോന്നി.

വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ പുരസ്കാരം കിട്ടിയതിൽ അഭിപ്രായമെന്താണ്?

കൊടുത്തോട്ടെ. അതിൽ ആക്ഷേപമില്ല. തെറ്റിപ്പോയി എന്നു പറയുന്നില്ല.

#എൻ.എസ്.എസുമായി എസ്.എൻ.ഡി.പി. യോഗം ചർച്ചനടത്തുമെന്നു പറഞ്ഞതിനുശേഷം പുരസ്കാരം വന്നതിലാണോ സംശയം തോന്നിയത്?

അതെ. സംശയം തോന്നാതിരിക്കുന്നത് എങ്ങനെയാണ്. എൻ.ഡി.എ. പ്രമുഖൻ ചർച്ചയ്ക്കുംകൂടി വരുമ്പോൾ എന്തോ തരികിട തോന്നി. ഞങ്ങൾ തീരുമാനം മാറ്റി.

#പുനർവിചിന്തനം ഉണ്ടാകുമോ?

ഇല്ല. മേലാൽ പുനർവിചിന്തനം ഇല്ല. എസ്.എൻ.ഡി.പി. യോഗം അടക്കമുള്ള എല്ലാ സമുദായസംഘടനകളോടും സൗഹാർദമുണ്ടാകും. പക്ഷേ, ഐക്യനീക്കം ഇല്ല.

#ബി.ജെ.പി. നേതാവ് പി.എസ്. ശ്രീധരൻപിള്ള ഇതിനിടെ എൻ.എസ്.എസ്. ആസ്ഥാനത്ത് വന്നല്ലോ. അതിനെന്തെങ്കിലും രാഷ്ട്രീയപ്രാധാന്യം ഉണ്ടോ?

ഇല്ല. അദ്ദേഹം രണ്ട് പുസ്തകം തരാൻ വന്നതാണ്. രാഷ്ട്രീയമേ സംസാരിച്ചില്ല. വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ വന്നതാണ്.

#താങ്കളുടെ തീരുമാനം ഡയറക്ടർ ബോർഡ് അംഗീകരിക്കുകയായിരുന്നോ?

പലരീതിയിലുള്ള തെറ്റായ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഐക്യം വേണ്ടതില്ലെന്ന പ്രമേയം ഞാൻതന്നെ അവതരിപ്പിച്ചു. ഐക്യം വേണമെന്ന് ആഗ്രഹിച്ചു, പക്ഷേ ഇന്ന കാര്യങ്ങളാൽ ഐക്യം വേണ്ടാ, സൗഹാർദം മതി എന്ന് ഞാൻ അറിയിച്ചു. ഡയറക്ടർ ബോർഡ് സമ്മതിച്ചു. മന്ത്രിയെന്ന ചുമതലയുള്ളതിനാൽ കെ.ബി. ഗണേഷ്‌കുമാർ വന്നില്ല. അദ്ദേഹം അവധിക്ക് അപേക്ഷ നൽകിയിരുന്നു. എന്റെ പേരുവെച്ച പ്രമേയം ഞാൻ അവതരിപ്പിക്കുകയായിരുന്നു. ഈ ഏർപ്പാടേ വേണ്ടെന്ന് അവരെല്ലാം പറഞ്ഞു. ഡയറക്ടർബോർഡിൽ ചർച്ച ചെയ്യുമെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നല്ലോ. കണ്ടീഷണലായ അഭിപ്രായമാണ് ആദ്യം പറഞ്ഞത്.

#സമദൂരം എന്ന നിലപാടിൽ മാറ്റമില്ലല്ലോ?

ഒരു മാറ്റവുമില്ല. സമദൂരംതന്നെ. വി.ഡി. സതീശൻ വർഗീയത, വർഗീയത എന്നു പറയുന്നു. അയാൾ കാണിക്കുന്നത് മുഴുവൻ വർഗീയതയല്ലേ.

#സതീശൻ അല്ലാതെ വേറൊരു നേതാവ് വന്നാൽ കുഴപ്പമില്ലേ?

ആരു വേണമെങ്കിലും ആകട്ടെ. ആരുവന്നാലും ഞങ്ങൾക്കൊരു ഗുണവുമില്ല. നിയമം നിലനിൽക്കുന്നതുകൊണ്ട് ഞങ്ങൾ ജീവിക്കുന്നു. ന്യായമായ കാര്യം പറയും. കിട്ടിയില്ലെങ്കിൽ നിയമവഴി തേടും.

#ഭിന്നശേഷിവിഷയത്തിൽ സുപ്രീംകോടതിവിധി അനുകൂലമായിരുന്നല്ലോ. നിയമനം നടക്കുന്നുണ്ടോ?

ഉണ്ടല്ലോ.

#എൻ.എസ്.എസിന് അനുകൂലമായ വിധി തങ്ങൾക്കും ബാധകമാക്കണമെന്ന് മറ്റു സമുദായങ്ങൾ ആവശ്യപ്പെടുന്നുണ്ട്?

അത് അവർക്ക് കൊടുക്കാൻപറ്റില്ല. നാലുശതമാനം ഭിന്നശേഷിസംവരണം പാലിക്കണം. ഞങ്ങൾ നാലുശതമാനം സീറ്റുകൾ നിയമനം നടത്താതെ മാറ്റിയിട്ടു. അതുകൊണ്ടാണ് കോടതി ഞങ്ങൾക്ക് അനുകൂലമായത്. ഞങ്ങൾ ചെയ്തത് കോടതിക്ക് തൃപ്തികരമായിത്തോന്നി.

#ശബരിമല സ്വർണപ്പാളിക്കേസ് സങ്കീർണമാണ്. തന്ത്രിവരെ അറസ്റ്റിലായി. എന്താണ് അഭിപ്രായം?

കോടതി ഇടപെട്ടതുകൊണ്ട് നീതിപൂർവമായി അന്വേഷണം നടക്കും എന്നു തോന്നുന്നു. അല്ലാതെ ആരു വിചാരിച്ചാലും ഒന്നും നടക്കില്ല. രാഷ്ട്രീയപ്പാർട്ടികൾ വിചാരിക്കുന്നത് ശരിയാണോ. തന്ത്രിയെ അറസ്റ്റുചെയ്തതിൽ രണ്ടഭിപ്രായമില്ല. കുറ്റംചെയ്തെങ്കിൽ അറസ്റ്റുചെയ്യട്ടെ, ശിക്ഷിക്കപ്പെടട്ടെ.

#തന്ത്രിയുടെ അറസ്റ്റിൽ ആദ്യമായിട്ടാണ് സംഘടന അഭിപ്രായം പറയുന്നത്?

തന്ത്രിയുടെ കാര്യത്തിലാണെങ്കിലും ആരുടെ കാര്യത്തിലാണെങ്കിലും കോടതിതീരുമാനത്തിൽ നടക്കുന്ന അന്വേഷണത്തിൽ കുറ്റക്കാരെന്ന് തെളിഞ്ഞവരെ അറസ്റ്റുചെയ്തതിൽ ഒരു തെറ്റുമില്ല.

#അയ്യപ്പന്റെ മുതൽ കട്ടവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നാണോ?

അതെ. മറ്റുള്ളവർ ഈ വിഷയം കൈകാര്യംചെയ്യുന്നത് രാഷ്ട്രീയമായിട്ടാണ്, ആത്മാർഥമായിട്ടല്ല. അനുകൂലം, പ്രതികൂലം ഒക്കെ പറയുന്നത് അവരുടെ രാഷ്ട്രീയനേട്ടങ്ങൾക്കാണ്. ഇല്ലെങ്കിൽ അവർ ഇട്ടിട്ട് പോകും.

#കടകംപള്ളിയിലേക്കും പി.എസ്. പ്രശാന്തിലേക്കും അന്വേഷണം നീങ്ങുന്നല്ലോ?

നീങ്ങട്ടെ, ചോദ്യംചെയ്യട്ടെ. അനാവശ്യമായി പിടിച്ച് ജയിലിൽ ഇട്ടാലല്ലേ ഉള്ളൂ പ്രശ്നം. തന്ത്രിയായാലും മന്ത്രിയായാലും കുറ്റംചെയ്താൽ ശിക്ഷിക്കപ്പെടണം.

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവെച്ച ഐക്യനിർദേശം ആദ്യം സ്വാഗതംചെയ്ത എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ കഴിഞ്ഞദിവസം നിലപാട് മാറ്റി. എസ്.എൻ.ഡി.പി. യോഗത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു തോന്നിയതിനാലാണു പിന്മാറ്റമെന്ന് ‘മാതൃഭൂമി’ പ്രതിനിധികളായ കെ.ആർ. പ്രഹ്ലാദൻ, ഷിജു എസ്. നായർ എന്നിവരുമായുള്ള അഭിമുഖത്തിൽ സുകുമാരൻനായർ വിശദീകരിച്ചു. ഐക്യനീക്കത്തിനു പിന്നാലെ വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ പുരസ്കാരം ലഭിക്കുമ്പോൾ സംശയം തോന്നാതിരിക്കുന്നതെങ്ങനെയെന്നും സുകുമാരൻനായർ ചോദിക്കുന്നു