കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍. എന്‍.ഒ.സി. അനുവദിക്കുന്നതില്‍ നവീന്‍ ബാബു ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചെന്നതിനുള്ള തെളിവുകളോ മൊഴികളോ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് സൂചന. തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസ് കണ്ണൂര്‍ കളക്ടറുടെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക വസതിയിലെത്തിയായിരുന്നു മൊഴിയെടുപ്പ്.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ ബോധപൂര്‍വം ഫയല്‍ വൈകിപ്പിച്ചു, എന്‍.ഒ.സി. നല്‍കുന്നതിന് കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. എന്നാല്‍, ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ.ഗീതയുടെ നേതൃത്വത്തില്‍ നടത്തുന്ന വകുപ്പുതല അന്വേഷണത്തില്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. മൊഴികള്‍ എല്ലാം എ.ഡി.എമ്മിന് അനുകൂലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെ മൊഴി നല്‍കിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും പി.പി. ദിവ്യയെ കണ്ടെത്താനൊ മൊഴിയെടുക്കാനോ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ലെന്നുള്ളതും വലിയ ആരോപണങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പോലീസ് മനപൂര്‍വം ദിവ്യയെ സഹായിക്കുകയാണെന്നാണ് ആരോപണങ്ങള്‍.
നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി.പി.ദിവ്യക്കൊപ്പം കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍, ഒരു സാക്ഷിയെന്ന നിലയില്‍ പോലീസ് എന്റെ മൊഴി രേഖപ്പെടുത്തുമെന്ന് മാത്രമാണ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മറ്റ് ചോദ്യങ്ങളോടൊന്നും പ്രതികരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് തിങ്കളാഴ്ച വൈകുന്നേരം കളക്ടറുടെ വസതിയില്‍ എത്തി മൊഴിയെടുത്തത്.
നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍.ഒ.സി. അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ അവരുടെ യാത്രയയപ്പ് യോഗത്തില്‍ എത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ അറിയിച്ചിരുന്നു. ദിവ്യയുടെ ആരോപണത്തിന് പിന്നാലെ, കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
Content Highlights: No Evidence of Bribery Against Kannur ADM, Says Land Revenue Commissioner report
Published: 22 Oct 2024, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented