സുൽത്താൻബത്തേരി: കോൺഗ്രസ് പാർട്ടിക്കുവേണ്ടി പതിറ്റാണ്ടുകൾ പ്രവർത്തിച്ച തങ്ങളുടെ പിതാവിനെയും കുടുംബത്തെയും പാർട്ടി ചതിക്കുകയാണെന്ന് കൂടുതൽ ബോധ്യമായതായി എൻ.എം. വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും.
വിജയൻ എഴുതിവെച്ച കത്തുകളിൽ പ്രതിപക്ഷനേതാവിനുള്ളതാണ് ആദ്യം പറവൂരിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറിയതെന്ന് മകൻ വിജേഷ് പറഞ്ഞു. വി.ഡി. സതീശൻ കത്ത് വായിച്ചുനോക്കി വ്യക്തതയില്ലെന്ന് പറഞ്ഞു. വ്യക്തികളെയാണ് ഇതിൽ പറഞ്ഞിരിക്കുന്നതെന്നും പാർട്ടിയെ അല്ലെന്നും പറഞ്ഞു. എം.എൽ.എ.യും ഡി.സി.സി. പ്രസിഡന്റും പാർട്ടിയല്ലേയെന്നും വിജേഷ് ചോദിക്കുന്നു. മരണമുണ്ടായിട്ട് വിളിച്ച് ഒരു അനുശോചനംപോലും പറഞ്ഞില്ലെന്നും വിജേഷ് പറഞ്ഞു.
പിന്നീടാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെക്കണ്ട് കത്ത് നൽകിയത്. തുടക്കം വായിച്ചുനോക്കി കുറേക്കാര്യങ്ങളുണ്ടല്ലോയെന്നും നോക്കിയിട്ട് ചർച്ചചെയ്ത് തീരുമാനിക്കാമെന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചതെന്നും വിജേഷ് പറഞ്ഞു. അപ്പോൾത്തന്നെ ആരെയൊക്കെയോ ബന്ധപ്പെട്ട് ഇതിനായുള്ള കാര്യങ്ങൾ ചെയ്തുവെന്നാണ് അറിവ്.
ഞങ്ങൾ കൊടുത്ത സാധനം കൊടുത്തിട്ടില്ലെന്ന് പറയുമ്പോൾ പാർട്ടി ചതിക്കുകയായിരുന്നുവെന്നതിന് വേറെ തെളിവുവേണ്ടല്ലോയെന്നും വിജേഷും ഭാര്യ പത്മജയും ചോദിക്കുന്നു. പിതാവും സഹോദരനും മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നപ്പോളും പുറത്ത് വലിയ ഗൂഢാലോചനയായിരുന്നു. കുടുംബപ്രശ്നമാക്കി വളച്ചൊടിച്ച് പ്രചരിപ്പിച്ചു.
ബന്ധുക്കളെപ്പോലും തുടക്കത്തിൽ തങ്ങൾക്കെതിരാക്കി. മൂന്നു ബാധ്യതകളെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നു. അത് അത്രവലിയ തുകയല്ല. ചെക്കുകളുടെ ബാധ്യത ഏറ്റെടുക്കേണ്ടെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.ക്കും എൻ.ഡി. അപ്പച്ചനും കത്ത് വായിച്ചുകൊടുത്തതാണെന്നും ഇവർ പറഞ്ഞു.
വിജേഷിന്റെ മൊഴിയെടുത്തു
വിജയന്റെ മരണത്തിനുപിന്നാലെ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷണപരിധിയിലാണ്. വിജയന്റെ മൂത്തമകൻ വിജേഷിനെ മീനങ്ങാടിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിജിലൻസ് ഡിവൈ.എസ്.പി. ഷാജി വർഗീസിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തു.
കത്ത് കിട്ടിയില്ലെന്ന് പറഞ്ഞിട്ടില്ല -വി.ഡി. സതീശൻ
തിരുവനന്തപുരം: വയനാട്ടിലെ ഡി.സി.സി. ട്രഷററുടെ മരണം സംബന്ധിച്ച് കുടുംബാംഗങ്ങളുടെ കത്ത് കിട്ടിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഒരു മാധ്യമപ്രവർത്തകൻ തെറ്റായി പറഞ്ഞതാണിത്. രണ്ടുദിവസം മുൻപാണ് കുടുംബാംഗങ്ങൾ കത്ത് തന്നത്. അവ്യക്തതയുള്ള ഭാഗങ്ങൾ അവരോട് വിശദമായി ചോദിച്ചറിഞ്ഞു. പാർട്ടിയിലെ എല്ലാവരുമായും ആലോചിച്ച് മറുപടിപറയാമെന്നാണ് അവരോടുപറഞ്ഞത്.
മാന്യമായി കൈകാര്യംചെയ്യാൻ പറഞ്ഞിരുന്നു -കെ. സുധാകരൻ
കണ്ണൂർ: മാന്യമായി പ്രശ്നം കൈകാര്യംചെയ്യണമെന്ന് വയനാട്ടിലെ എല്ലാ മുതിർന്ന നേതാക്കളോടും ആ സഹകരണസ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവരോടും മുൻപേതന്നെ പറഞ്ഞിട്ടുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. വയനാട് ഡി.സി.സി. ഖജാൻജി എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൂങ്ങുമ്പോൾ എല്ലാവരും തൂങ്ങുമെന്നും എല്ലാ നേതാക്കളോടും പറഞ്ഞിരുന്നു -സുധാകരൻ പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ രാജിവെക്കണം-എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വയനാട് ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ, കോൺഗ്രസ് നടത്തിയ കൊലപാതകംതന്നെയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഐ.സി. ബാലകൃഷ്ണൻ രാജിവെക്കണം. കോൺഗ്രസ് നേതാക്കൾ ഇതേക്കുറിച്ച് മിണ്ടണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Content Highlights: Son of deceased Congress treasurer alleges betrayal by party, citing unanswered letters
Published: 08 Jan 2025, 08:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented