അഞ്ചരക്കണ്ടി: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും പലരുടെയും പ്രേരണ അവനെ മരണത്തിലേക്ക് തള്ളിവിട്ടതാണെന്നും അച്ഛൻ രാജനും ബന്ധുക്കളും ആരോപിച്ചു.

To advertise here,

നിതിന്റെ മരണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം വേണമെന്നും ഇതിലുൾപ്പെട്ട മുഴുവൻ പേരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും തിങ്കളാഴ്ച ഡെന്റൽ കോളേജിലെത്തിയ ബന്ധുക്കൾ ആവശ്യപ്പെട്ടു. നിതിൻ രാജ് വീണുമരിച്ചുകിടന്ന സ്ഥലവും മറ്റും രാജനും കൂടെയുണ്ടായിരുന്നവരും നോക്കിക്കണ്ടു.

നിതിൻ മരിച്ച ദിവസം രാവിലെ 11-നുശേഷം പ്രിൻസിപ്പലിന്റെ മുറിയിലുണ്ടായ സംഭവങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. ഒപ്പം അന്ന് പ്രിൻസിപ്പലിന്റെ മുറിയിലുണ്ടായിരുന്നവരെക്കൂടി ആത്മഹത്യാപ്രേരണ കുറ്റത്തിന് കീഴിൽ കൊണ്ടുവരണമെന്നും ഇവർ പറഞ്ഞു. നിതിന്റെ മരണം സംബന്ധിച്ചുള്ള കാര്യങ്ങൾ വളരെ ലാഘവത്തോടെയാണ് കോളേജ് അധികൃതർ കൈകാര്യംചെയ്തത്.

നിതിന് യഥാസമയത്ത് ചികിത്സയും ലഭിച്ചില്ല. ലോൺ ആപ്പ് വഴി നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച് നടത്തിയ ചോദ്യംചെയ്യൽ കടുത്തതായിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന വിചാരണ നിതിനെ മാനസികമായി തകർത്തെന്നും വ്യക്തിഹത്യയാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്നുമാണ് നിതിന്റെ സഹോദരീഭർത്താവ് അശോക് പറഞ്ഞത്.

നിതിനെ ചോദ്യംചെയ്ത സംഭവം സംബന്ധിച്ച് വ്യക്തമായ ഉത്തരം പറയാൻ അധികൃതർക്ക് കഴിയുന്നില്ല. പ്രിൻസിപ്പൽ പറയുന്ന പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. കേവലം രണ്ടുപേർക്കെതിരെ നടപടിയെടുത്തെങ്കിലും അതിലൊരാളെ മാത്രമാണ് പുറത്താക്കിയത്. മറ്റുള്ളവർ ആരും കുറ്റക്കാരല്ലെന്ന തരത്തിലുള്ള മാനേജ്മെൻറിന്റെ നീക്കത്തിൽ അതൃപ്തിയുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

'അവനെ നിങ്ങൾ കൊന്നുകളഞ്ഞല്ലോ...'

: ചൊവ്വാഴ്ച രാവിലെ 12-ഓടെ ഡെന്റൽ കോളേജിന്റെ കാമ്പസ് വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മകനെ നഷ്ടപ്പെട്ട പിതാവിന്റെ രോദനമാണ് അവിടെ ഉയർന്നത്. നിതിൻ രാജിന്റെ വേർപാടിനുശേഷം കോളേജിലെത്തിയ പിതാവ് തിരുവനന്തപുരം സ്വദേശി രാജന്റെ സങ്കടം കണ്ടുനിൽക്കുന്നവരെയും കണ്ണീരണിയിച്ചു.

നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കരഞ്ഞുകലങ്ങിയ കണ്ണുമായാണ് മകൻ വീണുമരിച്ച സ്ഥലം രാജൻ കണ്ടത്. രാജന്റെകൂടെ മകൾ രാഖിയും കുഞ്ഞും മകളുടെ ഭർത്താവ് അശോകും നാട്ടിലെ സാമൂഹികപ്രവർത്തകരായ സുരേഷ് കണ്ടല, വി.എം.മാർസൽ, തെക്കൻ സുനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു. പ്രിൻസിപ്പലുമായി സഹോദരീഭർത്താവ് അശോക് സംസാരിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ കുടുംബത്തിന്റെ പ്രത്യേക മൊഴി നൽകുമെന്ന് രാജൻ പറഞ്ഞു.

മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

: കണ്ണൂർ ഡെന്റൽ കോളേജ് ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ കോളേജ് പാതോളജി വിഭാഗം മുൻ തലവൻ ഡോ. എം.കെ.റാം, ഓറൽ പാതോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വാദം കേൾക്കും.
സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ ജില്ലാ കോടതി (നാല്) ജഡ്ജി ജെ.വിമൽ മുമ്പാകെയാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുക. നിതിൻ രാജിന്റെ അച്ഛൻ എൽ.വൈ.രാജന് ഹാജരാകാൻ നോട്ടീസ് നൽകി. പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് നോട്ടീസ് നൽകിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുമുൻപ് അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന താത്കാലിക ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
സംഭവദിവസം രാവിലെ 11 മുതൽ 1.10 വരെ നിതിൻ രാജ് പ്രിൻസിപ്പലിന്റെ മുറിയിലായിരുന്നു. മുറിയിൽ നിന്ന് ഇറങ്ങി 10 മിനിറ്റിനകമാണ് സംഭവം. അതിനാൽ ഡോ. എം.കെ.റാമിന് സംഭവത്തിൽ പങ്കില്ലെന്നാണ് പ്രതിഭാഗം ആരോപണം.
ഡോ. റാം കർണാടകയിലെ പട്ടികവർഗവിഭാഗമായ ബജന്ത്രി വിഭാഗത്തിൽപ്പെട്ടതാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. നിരപരാധിയാണെന്നും അറസ്റ്റ് ചെയ്താൽ പീഡനത്തിനിരയാകാൻ സാധ്യതയുണ്ടെന്നുമാണ് രണ്ടാം പ്രതി ഡോ. സംഗീതയുടെ മുൻകൂർ ജാമ്യാപേക്ഷയിലുള്ളത്. കേസിൽ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ ഹാജരാകും. ഡോ. റാം അഡ്വ. എം.കിഷോർ കുമാർ മുഖേനയും സംഗീത നമ്പ്യാർ അഡ്വ. വി.ജയകൃഷ്ണൻ മുഖേനയുമാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

ദളിത് സംഘടനകൾ 28-ന് പണിമുടക്കും
: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ നീതിതേടി 28-ന് സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്ന് നിതിൻരാജ് ആക്ഷൻ കൗൺസിൽ അറിയിച്ചു. 52 ദളിത്-ആദിവാസി സംഘടനകളുടെ നേതൃത്വത്തിലാണ് നിതിൻരാജ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്. സമാനചിന്താഗതിയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും പണിമുടക്കിനും തുടർന്നു നടക്കുന്ന പ്രക്ഷോഭപരിപാടികൾക്കും പിന്തുണയറിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രക്ഷോഭപരിപാടികളുടെ ഭാഗമായി 24-ന് എല്ലാ ജില്ലകളിലും സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. ജില്ലകളിലും താലൂക്ക് ആസ്ഥാനങ്ങളിലും സമരപരിപാടികൾ നടക്കും.

സർക്കാർ നിതിൻരാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണം. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അഞ്ചരക്കണ്ടി കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ചെയർമാൻ കെ.കെ. സുരേഷ്, ജനറൽ കൺവീനർ സണ്ണി എം. കപിക്കാട്, കെ. അംബുജാക്ഷൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.