മലപ്പുറം: വണ്ടൂരിനടുത്ത് നടുവത്ത് നിപ ബാധിച്ച് മരിച്ച 24-കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ ഒമ്പത് തിങ്കളാഴ്ച മരിച്ച യുവാവിന് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്.

To advertise here,

സെപ്റ്റംബർ നാലിനാണ് യുവാവിന് രോ​ഗലക്ഷണങ്ങൾ ആരംഭിച്ചത്. നാലിനും അഞ്ചിനും യുവാവ് വീട്ടിൽ തന്നെയായിരുന്നു. ആറാം തീയതി രാവിലെ 11.30 മുതൽ 12 വരെ ഫാസിൽ ക്ലിനിക്കിലുണ്ടായിരുന്നു. അന്നേ ദിവസം വൈകീട്ട് 7.30 മുതൽ 7.45 വരെ ബാബു പാരമ്പര്യവൈദ്യശാലയിലും. അന്ന് രാത്രി 8.18 മുതൽ 10.30 വരെ ജെ.എം.സി. ക്ലിനിക്കിൽ ചെലവഴിച്ചു. 

ഏഴാം തീയതി രാവിലെ 9.20 മുതൽ 9.30 വരെ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ. ഓട്ടോയിലായിരുന്നു ഈ യാത്ര. അന്ന് രാത്രി 7.25 മുതൽ 8.24 വരെ എൻ.ഐ.എം.എസ് എമർജൻസി വിഭാ​ഗത്തിൽ. അന്ന് രാത്രി 8.25-ന് ഐ.സി.യു.വിലേക്ക് മാറ്റി. എട്ടാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ അവിടെ ചികിത്സയിൽ.  

എട്ടിന് ഉച്ചയ്ക്ക് 1.25-ന് എം.ഇ.എസ് ആശുപത്രിയിലേക്ക് മാറ്റി. 2.06 മുതൽ 3.55 വരെ എം.ഇ.എസ് അത്യാഹിത വിഭാ​ഗത്തിൽ. 3.59 മുതൽ 5.25 വരെ എം.എർ.ഐ. മുറിയിൽ. 5.35 മുതൽ 6 വരെ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ തുടരുന്നു. പിന്നീട്, 6.10-ന് എം.ഐ.സി.യു യൂണിറ്റ് ഒന്നിലേക്ക് മാറ്റുന്നു. ഒമ്പതാം തീയതി പുലർച്ചെ 12.50 വരെ ഇവിടെ ചികിത്സയിൽ. 

ഒമ്പതിന് പുലർച്ചെ ഒന്നിന് എം.ഐ.സി.യു യൂണിറ്റ് രണ്ടിലേക്ക് മാറ്റുന്നു. പുലർച്ചെ 8.46 വരെ ഇവിടെ ചികിത്സയിൽ. യുവാവുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതുവരെ 175 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 

placeholder
ആരോഗ്യവകുപ്പ് പുറത്തുവിട്ട റൂട്ട്മാപ്പ്

24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രഖ്യാപിച്ചു.