ന്യൂഡൽഹി: യെമെനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്ന്‌ ആവശ്യപ്പെടുന്ന ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിക്കും.

To advertise here,

നിമിഷപ്രിയയുടെ വധശിക്ഷ 16-ന് യെമെനിൽ നടപ്പാക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി, കേന്ദ്രത്തിന് എന്തെങ്കിലും നിർദേശം നൽകുമോയെന്നാണ് അറിയാനുള്ളത്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ്, ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ’ നൽകിയ ഹർജി പരിഗണിക്കുന്നത്.

യെമെനി പൗരനായ തലാൽ അബ്ദു മഹ്ദിയെ 2017 ജൂലായിൽ കൊലപ്പെടുത്തി മൃതദേഹം വീടിന്‌ മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ നേരിടുന്നത്. തലാലിന്റെ കുടുംബത്തിന് ദിയാധനം നൽകുന്നതിനുള്ള സാധ്യതകൾ ആരായണമെന്നും സംഘടന ആവശ്യപ്പെട്ടു. യെമെനുമായി ഇന്ത്യക്ക്‌ നയതന്ത്രബന്ധമോ അവിടെ സ്ഥാനപതികാര്യാലയമോ ഇല്ല. ഇക്കാരണത്താൽ നയതന്ത്രതലത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്നാണ് സർക്കാർ മുൻപ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.

അതേസമയം, നിമിഷയുടെപേരിൽ ചുമത്തിയ കുറ്റങ്ങൾ അതീവ ഗുരുതരമായതിനാൽ ശിക്ഷയിളവിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് വാർത്താ ഏജൻസിയായ പിടിഎയോട് ഉറവിടങ്ങൾ അറിയിച്ചു.

മോചനത്തിന് കാന്തപുരം ഇടപെട്ടു

കോഴിക്കോട്: യമനിൽ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ ഇടപെടൽ. യമൻ ഹളർമൗത്തിലെ മതകാര്യമേധാവിയും പ്രമുഖ പണ്ഡിതനുമായ ഉമർ ബിൻ ഹഫീള് വഴിയാണ് കാന്തപുരം ഇടപെടൽ നടത്തിയത്.

തുടർന്ന് നോർത്ത് യമൻ ഭരണകൂടം കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി ചർച്ചനടത്തി. ദിയാധനം സ്വീകരിച്ച് കുടുംബം മാപ്പുനൽകിയാൽ നിമിഷപ്രിയയുടെ മോചനത്തിന് വഴിതെളിയും.

ചാണ്ടി ഉമ്മൻ എംഎൽഎയാണ് ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കാന്തപുരത്തെ വിളിച്ചത്. തുടർന്നാണ് ഇങ്ങനെയൊരു ശ്രമമുണ്ടായത്. കാന്തപുരവുമായി ഏറെക്കാലമായി അടുപ്പമുള്ള ആളാണ് ഉമർ ഹഫീള്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു.