
കൊച്ചി: ഇരവികുളത്തെ വരയാടുകളിൽ ചിലതിനെ വനം വകുപ്പ് ‘സ്ഥലം' മാറ്റും. മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായാണിത്. വനത്തിനുള്ളിൽ ഇരകിട്ടാതെ മൃഗങ്ങൾ കാടിറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. വരയാടുകളുടെ ആവാസവ്യവസ്ഥയോട് ചേർന്നുനിൽക്കുന്ന സംസ്ഥാനത്തെ മറ്റിടങ്ങളിലേക്ക് ഇരവികുളം നാഷണൽ പാർക്കിൽനിന്ന് നിശ്ചിത എണ്ണം വരയാടുകളെ മാറ്റുന്നതാണ് വനം വകുപ്പ് പരിഗണിക്കുന്നത്.
മനുഷ്യ- വന്യമൃഗ സംഘർഷ സാധ്യതാ പ്രദേശങ്ങളിലെ വനത്തോടു ചേർന്ന് ഇവയെ വളർത്തി, പ്രജനനംകൂട്ടി, കൂടുതൽ വരയാടുകളെ അതത് പരിസ്ഥിതിയുമായി ഇണങ്ങിയശേഷം കാട്ടിലേക്ക് തുറന്നുവിടാനാണ് ലക്ഷ്യമിടുന്നത്.
വരയാടുകൾ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇവയുടെ സംരക്ഷണ ലക്ഷ്യത്തോടെയാണ് മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്ക് പ്രവർത്തിക്കുന്നത്. പുതിയ സർവേപ്രകാരം രണ്ടു സംസ്ഥാനത്തുമായി 2,668 വരയാടുകളാണുള്ളത്. ഇതിൽ 1,365 എണ്ണം കേരളത്തിലും 1,303 എണ്ണം തമിഴ്‌നാട്ടിലുമാണ്. ഇതിൽ 841 എണ്ണവും ഇരവികുളം നാഷണൽ പാർക്കിലാണ്. കേരള അതിരിനോടുചേർന്നുള്ള തമിഴ്‌നാട്ടിലെ മുക്കുർത്തി നാഷണൽ പാർക്കിലും ഗ്രാസ് ഹിൽസിലും വരയാടുകളെ കാണാം.
വർഷങ്ങൾക്കുമുൻപ് പശ്ചിമഘട്ടത്തിലെ പലയിടങ്ങളിലും വരയാടുകളെ കണ്ടിരുന്നു. ഇപ്പോൾ ഇവിടങ്ങളിൽനിന്നെല്ലാം ഈ ജീവിവർഗം അപ്രത്യക്ഷമായി. തൃശ്ശൂർ ചിമ്മിനി വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ വർഷം മൂന്ന് വരയാടുകളെ കണ്ടിരുന്നു.
Content Highlights: Forest Department plans to relocate Nilgiri Tahr from Eravikulam National Park
Published: 01 Sept 2025, 07:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented