മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കവേ വൈകാരിക കുറിപ്പുമായി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്. നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരില്‍ ആര്യാടന്‍ ഷൗക്കത്തിനാണ് മുന്‍തൂക്കമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് നന്ദനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പെന്നതും ശ്രദ്ധേയമാണ്. 

To advertise here,

'അച്ഛന്റെ ഓര്‍മകള്‍ക്ക് മരണമില്ല' എന്ന വാചകത്തോടെയാണ് നന്ദനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ''ജീവിച്ചുമരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ചപിടിച്ച ഓര്‍മ്മകള്‍ ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും. ആ ഓര്‍മ്മകള്‍ മാത്രംമതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍'', നന്ദന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മലപ്പുറം ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന വി.വി. പ്രകാശ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെയായിരുന്നു വി.വി. പ്രകാശ് അന്തരിച്ചത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി.വി. അന്‍വറിനോട് 2700 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. വി.വി. പ്രകാശിന്റെ തോല്‍വിക്ക് കാരണം ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തിച്ചതാണെന്ന് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ അന്നേ ആരോപണമുണ്ടായിരുന്നു.