
കണ്ണൂര്‍: തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എഡിഎം നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ അരുൺ കെ. വിജയനും പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്തനും കോടതി നോട്ടീസ് അയച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. ഫോണ്‍വിളിച്ചതിന്റെ വിശദാംശങ്ങള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍ മുതലായവ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബി.എസ്.എന്‍.എല്‍., വോഡഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നവംബറില്‍ ഹര്‍ജി നല്‍കിയത്.
കളക്ടറേറ്റ്, മുനീശ്വരന്‍കോവില്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം, പ്ലാറ്റ്ഫോം, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍, കേസില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടര്‍ അരുണ്‍ കെ. വിജയന്‍, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി.വി. പ്രശാന്തന്‍ എന്നിവരുടെ ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെയുള്ള മൊബൈല്‍ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
അതേസമയം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ലാത്ത കളക്ടറുടേയും പ്രശാന്തന്റേയും വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയേ ബാധിക്കില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോടതി പ്രശാന്തനും കളക്ടര്‍ക്കും നോട്ടീസയച്ചത്. ഇരുവരുടെയും മറുപടി കേട്ടതിന് ശേഷം മാത്രമേ ഈ ഹര്‍ജിയില്‍ തീരുമാനമുണ്ടാവുകയുള്ളൂ. അതിനായി ഈ മാസം പത്തിന് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കും.
ഒക്ടോബർ 16-ന് പുലർച്ചെയായിരുന്നു കണ്ണൂർ എ.ഡി.എം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീൻ ബാബുവിനെ ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. പത്തനംതിട്ട എ.ഡി.എം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവർത്തർ നൽകിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ അപമാനകരമായ പരാമർശം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ആരോപണം. കേസിൽ പി.പി ദിവ്യയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
Content Highlights: Court issued notices to the Collector & petrol pump owner TV Prasanthan in Naveen Babu Case
Published: 03 Dec 2024, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented