
തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി ചീഫ് സെക്രട്ടറി നടത്തിയ ഹിയറിങ്ങില്‍ എന്‍. പ്രശാന്ത് ഐഎഎസ് ഹാജരായി. അച്ചടക്കനടപടി സംബന്ധിച്ച് പ്രശാന്തിന്റെ ഭാഗം വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഹിയറിങ് നടത്തിയത്. തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്നും തെളിവ് നശിപ്പിക്കപ്പെട്ടെന്നും ചീഫ് സെക്രട്ടറിക്ക് മുന്നില്‍ വിശദീകരണം നല്‍കിയശേഷം എന്‍. പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ജയതിലക് ഐഎഎസിനെ വിമര്‍ശിക്കുന്നത് ചട്ടലംഘനമല്ലെന്ന് പറഞ്ഞ അദ്ദേഹം മാതൃഭൂമിക്കെതിരേയും ആരോപണമുന്നയിച്ചു.
പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു. രേഖകള്‍ സമര്‍പ്പിച്ചു. രേഖാമൂലം വിവരങ്ങള്‍ നല്‍കി. അതിലെല്ലാം വ്യക്തത വരുത്താന്‍ സാധിച്ചുവെന്നാണ് തോന്നുതെന്നും അദ്ദേഹം പറഞ്ഞു. 'ചീഫ് സെക്രട്ടറി തിരക്കുള്ള ഉദ്യോഗസ്ഥയാണ്. എപ്പോഴും എല്ലാരേഖകളും വിവരങ്ങളും അവരുടെ ശ്രദ്ധയില്‍വരണമെന്നില്ല. ഹിയറിങ് വരുമ്പോഴാണ് നല്ലരീതിയില്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിക്കുന്നത്. ഫെയ്സ്ബുക്കും സോഷ്യല്‍മീഡിയയും ഞാന്‍ പണ്ടേ ഉപയോഗിക്കുന്നതാണ്. അതിന് അതിന്റേതായ ഭാഷയും രീതിയുമുണ്ട്. അവിടെവന്ന് അമ്മാവന്‍ സിന്‍ഡ്രോം ഇറക്കിയിട്ട് കാര്യമില്ലല്ലോ. അവിടെ സര്‍ക്കാര്‍രീതിയില്‍ ഒന്നുമല്ല സംസാരിക്കുക. സോഷ്യല്‍മീഡിയയുടെ ഒരുഭാഷയുണ്ടാകും. അത് കണ്ട് തൊട്ടാവാടിയാകുന്നവരല്ല ബഹുഭൂരിപക്ഷവും'', എന്‍. പ്രശാന്ത് പറഞ്ഞു.
ഐഎഎസ് തലപ്പത്തുള്ള ചേരിപ്പോര് സര്‍ക്കാരിന് തന്നെ നാണക്കേടായി മുന്നോട്ട് പോകുന്നതിനിടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. തുടര്‍ന്ന് നിലവിൽ സസ്പെൻഷനിലുള്ള എന്‍. പ്രശാന്ത് ഐഎഎസിന് പറയാനുള്ള ഭാഗം കൂടി കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രശാന്തിന് ചീഫ് സെക്രട്ടറി കത്തയക്കുകയും ഹിയറിങ്ങിനെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഹിയറിങ്ങിന് ഹാജരാകാന്‍ പ്രശാന്ത് നേരത്തെ ചില ഉപാധികള്‍ ചീഫ് സെക്രട്ടറിയുടെ മുന്‍പില്‍ വെച്ചിരുന്നു. ഹിയറിങ് ലൈവ് ആയി നാട്ടുകാരെ കാണിക്കണമെന്നായിരുന്നു ഒരു ആവശ്യം. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ചീഫ് സെക്രട്ടറി തള്ളിയിരുന്നു.
Content Highlights: IAS officer N. Prasanth appeared before the Chief Secretary for a hearing
Published: 16 Apr 2025, 08:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented