തിരുവനന്തപുരം: പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്. ആരോപണങ്ങൾ നേരിടേണ്ടി വരുന്ന ഐഎഎസ് ഉദ്യോഗസ്ഥർ എങ്ങനെ പെരുമാറണമെന്നാണ് കുറിപ്പിലെ പരിഹാസം. കൃഷി വകുപ്പ് മുൻ സെക്രട്ടറിയായിരുന്നു എൻ. പ്രശാന്ത്. ഐഎഎസ് ചേരിപ്പോരിൽ നിലവിൽ സസ്പെൻഷനിലാണ്. 

To advertise here,

ഏപ്രിൽ 16-ന് വൈകിട്ട് ഹിയറിങ്ങിന് ഹാജരാകാൻ എൻ പ്രശാന്തിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹിയറിങ് റെക്കോർഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നും ചൂണ്ടിക്കാട്ടി എൻ പ്രശാന്ത് രംഗത്തെത്തിയിരുന്നു. എന്നാൽ അത് സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തു. ഇത് അസാധാരണമാണെന്നും വകുപ്പുതല നടപടിയുടെ ഭാഗമായവരോട് സംസാരിക്കുന്നത് എങ്ങനെയാണ് ലൈവ് സ്ട്രീമിങ് നടത്തുക എന്നാണ് ചീഫ് സെക്രട്ടറി ചോഗിച്ചത്. ഹിയറിങ്ങിന് ഹാജരായാൽ ചട്ടപ്രകാരമുള്ള നടപടി പൂർത്തീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

ഓൾ കേരളാ സിവിൽ സർവ്വീസ്‌ അക്കാദമി:

പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന  പ്രൊഫ. അടിമക്കണ്ണ്‌ അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക്‌ കാണാം. ബ്ലാക്ക്‌ & വൈറ്റ്‌ വീഡിയോ ആണ്‌ നാസ പുറത്ത്‌ വിട്ടത്‌. ഒന്നും തോന്നരുത്‌. 

ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ്‌ വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ്‌ ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്‌നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക്‌ ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക്‌ മാത്രമാണീ ക്ലാസ്‌ ബാധകം.

പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട.
ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ