കോഴിക്കോട്: സംസ്ഥാനത്ത് സി.ഐ.ടി.യു.വിന്റെ തലപ്പത്തേക്കും കണ്ണൂരിൽനിന്നുള്ള നേതാവെത്താൻ സാധ്യത. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എം.വി. ജയരാജന്റെ പേരാണ് സജീവപരിഗണനയിലുള്ളത്. എളമരം കരീമിനെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെയാണ് പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയെ കണ്ടെത്തേണ്ടിവന്നത്.

To advertise here,

ഈ സ്ഥാനത്തേക്ക് എം.വി. ജയരാജൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സിപിഎമ്മിന്റെ ബഹുജനസംഘടനാ നേതൃത്വത്തിൽ കണ്ണൂർ നേതാക്കളുടെ സമ്പൂർണ ആധിപത്യമാകും. നിലവിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവർ കണ്ണൂർ ജില്ലക്കാരാണ്. എം.വി. ജയരാജൻ സി.ഐ.ടി.യു. നേതൃത്വത്തിലേക്കെത്തിയാൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ഒഴികെയുള്ള സി.പി.എമ്മിന്റെ എല്ലാ പോഷകസംഘടനകളുടെ തലപ്പത്തും കണ്ണൂരുകാരാവും. മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂർ ജില്ലക്കാരനാണ്.

സി.ഐ.ടി.യു. കേന്ദ്രനേതൃത്വവും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും കൂടിയാലോചിച്ചാണ് സി.ഐ.ടി.യു.വിന് ജനറൽ സെക്രട്ടറിയെ കണ്ടെത്തുക. നിലവിലെ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന് എൽ.ഡി.എഫ്. കൺവീനറുടെ ചുമതലയുള്ളതിനാൽ, അദ്ദേഹത്തെ ജനറൽ സെക്രട്ടറി ചുമതലയിലേക്ക് മാറ്റി പുതിയ പ്രസിഡന്റിനെ കൊണ്ടുവരാൻ സാധ്യതകുറവാണ്. സി.ഐ.ടി.യു. നേതൃനിരയിലില്ലാത്ത ജയരാജനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കുന്നതിൽ എതിരഭിപ്രായവുമുണ്ട്. അങ്ങനെയെങ്കിൽ സംസ്ഥാന ഭാരവാഹികളായ കെ.കെ. ജയചന്ദ്രൻ, പി. നന്ദകുമാർ എം.എൽ.എ., കെ.എൻ. ഗോപിനാഥ് എന്നിവരെ പരിഗണിക്കാനും സാധ്യതയുണ്ട്.

ദേശീയസമ്മേളനം ബംഗാളിൽനിന്നുള്ള സുദീപ് ദത്തയെയാണ് സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്തത്. നാല്പതാംവയസ്സെന്ന കുറഞ്ഞപ്രായത്തിൽ അഖിലേന്ത്യാ പ്രസിഡന്റാകുന്ന ആദ്യയാളാണ് സുദീപ് ദത്ത. അത്തരമൊരുനീക്കം സംസ്ഥാനത്തും സി.ഐ.ടി.യു. പ്രയോഗിച്ചാൽ യുവനേതാക്കളിലേക്ക് ചർച്ചകളെത്തും. അങ്ങനെവന്നാൽ സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാറിനെയും പരിഗണിച്ചേക്കും.