തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവയ്ക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തിയതെന്നും കേന്ദ്ര സർക്കാരിനെതിരെ വിമർശനമുണ്ടെങ്കിലും അതിന്റെ പേരിൽ ഭരണഘടനാ ചുമതല നിർവഹിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ഗവർണർ തയ്യാറായില്ലെന്നത് സ്വാഗതാർഹമാണെന്നും ഗോവിന്ദൻ പ്രശംസിച്ചു. സിപിഎം മുഖപത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്നും വ്യത്യസ്തമായി സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാൻ പുതിയ ഗവർണർ തയ്യാറായി. തുടർന്നുള്ള ദിവസങ്ങളിലും ഗവർണറുടെ ഭാഗത്തുനിന്നും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിഹാറിലേക്ക് സ്ഥലം മാറിപ്പോയ മുൻ ഗവർണർ കഴിഞ്ഞ വർഷംപോലും ഒന്നര മിനിറ്റുമാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താൻ ശ്രമിച്ച കാര്യം പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ലെന്നും ഗോവിന്ദൻ ലേഖനത്തിൽ പരാമർശിക്കുന്നു. രണ്ട് മണിക്കുറോളം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വരച്ചിട്ടത് പിണറായി വിജയൻ സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതിയാണെന്നും അദ്ദേഹം പറയുന്നു.
മുമ്പൊന്നും സംസ്ഥാനം സാക്ഷിയാകാത്ത രീതിയിലുള്ളതായിരുന്നു മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ. ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽനിന്ന് മടങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെയോ സഹപ്രവർത്തകരുടെയോ സാന്നിധ്യമുണ്ടായിരുന്നില്ലെന്നത് ഗവർണറും സംസ്ഥാനസർക്കാരും തമ്മിലുള്ള സംഘർഷങ്ങളുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നതായിരുന്നു. ഈ പരിസരത്തിലേക്കാണ് കേരളത്തിന്റെ ഇരുപത്തിമൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എത്തിയത്.
ഏറ്റുമുട്ടാനല്ല, സംസ്ഥാനസർക്കാരിനെ സഹായിക്കാനാണ് കേരളത്തിലേക്ക് വരുന്നതെന്നാണ് പനജിയിൽവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ആർലേക്കർ വ്യക്തമാക്കിയതും ഇതോട് ചേർത്തുവായിക്കേണ്ടതാണ്. ആർ.എസ്.എസ്-ബി.ജെ.പി പശ്ചാത്തലമുള്ള ആർലേക്കർ, ഗോവയിൽ നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്നു. കേരളത്തിലേക്ക് വരുന്നതിനുമുൻപ് ഹിമാചൽപ്രദേശിലും ബിഹാറിലും ഗവർണർപദവിയും അദ്ദേഹം വഹിച്ചിരുന്നു.
Content Highlights: MV Govindan praised Kerala Governor
Published: 23 Jan 2025, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented