തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുത്തതിൽ എന്താണ് കുഴപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിവാഹത്തിൽ പങ്കെടുത്തതിൽ നിയമപരമായ തടസങ്ങളില്ലെന്നും, എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹം കഴിച്ചവർക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. അവരുടെ കൈയിലുണ്ടായിരുന്ന ആധാർ കാർഡും പാൻ കാർഡും പോലീസ് പരിശോധിച്ചിട്ടുണ്ടെന്നും രണ്ടിലും ഒരേ ജനനത്തീയതിയാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെ കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പറഞ്ഞ് ഭർത്താവിനെതിരേ പോക്‌സോ കേസെടുത്തതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹത്തിൽ പങ്കെടുത്തതിൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച ഗോവിന്ദൻ ആ വിവാഹം ‘റിയൽ കേരള സ്റ്റോറി’ തന്നെയാണെന്നും വ്യക്തമാക്കി. അതിന്റെ ഭാഗമായിത്തന്നെയാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയല്ലേ എന്ന് മാധ്യമങ്ങൾ പറഞ്ഞപ്പോൾ അത് നിമയപരമായ പ്രശ്‌നമല്ലേ എന്നായിരുന്നു മറുപടി. എല്ലാം പരിശോധിച്ചിട്ടാണ് പോയതെന്നും പാർട്ടി സെക്രട്ടറിക്ക് ആ വിവാഹത്തിൽ പങ്കെടുക്കുന്നതിന് എന്താണ് നോക്കേണ്ടതെന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
''ആദ്യത്തെ കേസാണോ ഇത്. കേസൊക്കെ എത്രയാണെങ്കിലും വരും. ആരൊക്കെ കേസ് കൊടുത്തിട്ടുണ്ട്. എത്രയോ കേസുകൾ അഭിമുഖീകരിച്ചിട്ടാണ് ഇവിടെ നിൽക്കുന്നത്. കേസ് വരുമ്പോൾ പേടിച്ച് മാളത്തിൽ ഒളിക്കുന്ന സൈസാണ് നമ്മളെന്നാണോ വിചാരിച്ചിരിക്കുന്നത്. കേരളത്തിൽ വിവാഹം കഴിക്കാൻ പറ്റുന്ന ഒരു അന്തരീക്ഷമുണ്ട് എന്ന് മനസിലാക്കിയിട്ട് രണ്ട് യുവതീയുവാക്കൾ കേരളത്തിൽ വരികയും പോലീസ് സ്‌റ്റേഷനിൽ പോകുകയും ചെയ്തു. അച്ഛനെ കൂട്ടിയാണ് പോയത്. അച്ഛൻ കൊടുത്ത രേഖയാണ് അവിടെയുള്ളത്. ആ രേഖകളിലെല്ലാം കുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ട്. ആധാറും പാൻ കാർഡുമാണ് അവരുടെ പക്കലുള്ള രേഖ. ഇതിലെല്ലാം ഒരേ ജനനത്തീയതിയാണുള്ളത്. ആദ്യത്തെ രേഖ അഞ്ചാമത്തെ വയസിൽ എടുത്തിട്ടുള്ളതാണ്. എല്ലാം പോലീസ് പരിശോധിച്ചിട്ടുണ്ട്. പോലീസ്, ക്ഷേത്ര കമ്മിറ്റി, വിവാഹ രജിസ്‌ട്രേഷനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെല്ലാം രേഖകൾ പരിശോധിച്ചിട്ടുണ്ട്'', എം.വി ഗോവിന്ദൻ പറഞ്ഞു.
രണ്ട് വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവർ വിവാഹം കഴിക്കുന്നതിനെ സംഘപരിവാർ ഭീഷണിയായി കാണുന്നുവെന്നും ഈ വിവാദങ്ങൾക്ക് പിന്നിൽ അവരാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾത്തന്നെ തങ്ങൾക്ക് ഭീഷണിയുണ്ടെന്നാണ് വിവാഹിതരായവർ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''രണ്ട് മതവിഭാഗത്തിൽപ്പെട്ട ചെറുപ്പക്കാർ കല്ല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. ഇവിടെ വന്നു. പോലീസ് സ്‌റ്റേഷനിൽ പോയി. അവരുടെ അംഗീകാരത്തോടുകൂടി ക്ഷേത്ര കമ്മറ്റിയുമായി ബന്ധപ്പെട്ടു. ക്ഷേത്രത്തിൽ വിവാഹിതരായി. അവർക്ക് ആശംസയറിയിക്കാൻ വേണ്ടി അവിടെ പോയി എന്നത് മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ. ആ പോയത് ശരിയാണെന്നാണ് അന്നും ഇന്നും ഞങ്ങളുടെ അഭിപ്രായം. ഈ നിലപാട് ഇനിയും തുടരും'', എം.വി ഗോവിന്ദൻ വ്യക്തമാക്കി.
നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (എൻസിഎസ്ടി) കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ താരവും നടിയുമായ കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ ഭർത്താവ് ഫർമാൻ ഖാനെതിരേ പോക്‌സോ കേസ് ചുമത്തിയിരുന്നു.
Content Highlights: MV Govindan justifies attending the wedding, citing legal documentation verification., Refutes claims of underage marriage by highlighting Aadhaar and PAN records., Accuses Sangh Parivar of fueling controversy over interfaith unions., Reaffirms the party's commitment to supporting interfaith marriages in 2026.
Published: 12 Apr 2026, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented